മുംബൈയിൽ വൈദ്യതി ബന്ധം തകരാറിലായതോടെ മോണോറെയിലിൽ കുടുങ്ങിപ്പോയത് 100 യാത്രക്കാർ

മുംബൈയിൽ ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി, ഏകദേശം 100 യാത്രക്കാർ ഒരു മണിക്കൂറിലധികം കുടുങ്ങി. ഉയർന്ന ട്രാക്കിലൂടെ ഓടുന്ന മോണോറെയിൽ റേക്ക് ചെറിയ വൈദ്യുതി വിതരണ പ്രശ്നം കാരണം കുടുങ്ങിപ്പോയതായി മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) അറിയിച്ചു.
മുംബൈയിൽ ചെമ്പൂരിനും ഭക്തി പാർക്കിനും ഇടയിലുള്ള മോണോറെയിൽ വൈകുന്നേരം ആറ് മണിയോടെയാണ് വൈദ്യതി ബന്ധം തകരാറിലായത്. യാത്രക്കാർ അടിയന്തര സഹായത്തിനായി ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ എമർജൻസി നമ്പറായ 1916 ൽ ബന്ധപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മുംബൈ അഗ്നിശമന സേന സ്ഥലത്തെത്തി മൂന്ന് സ്നോർക്കൽ വാഹനങ്ങളുടെ സഹായത്തോടെ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വൈദ്യുതി തകരാറു മൂലം മൈസൂർ കോളനി സ്റ്റേഷന് സമീപമാണ് മോണോറെയിൽ ട്രെയിൻ പാളത്തിൽ കുടുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിച്ചു. മറ്റൊരു മോണോറെയിലിന്റെ സഹായത്തോടെ യാത്രക്കാരെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരങ്ങൾ. ദിവസം മുഴുവൻ നഗരത്തിൽ മഴ പെയ്തതിനെ തുടർന്നാണ് വൈദ്യുതി വിതരണത്തിൽ പ്രശ്‌നമുണ്ടായത്.



