ലക്‌നൗയിൽ “ഡിജിറ്റൽ അറസ്റ്റ്” ഭീഷണി: യുവതി ജീവനൊടുക്കി

ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ 28-കാരി മോണിക്ക ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെ തുടർന്ന് ജീവനൊടുക്കി. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന നടത്തിയ തട്ടിപ്പാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്.

മോണിക്ക എട്ടും പത്തും വയസ്സുള്ള തന്റെ മക്കളെ ഉറക്കി കിടത്തിയ ശേഷം വീട്ടിൽ ആത്മഹത്യ ചെയ്തു. രാവിലെ മക്കൾ ഉണർന്നപ്പോൾ അമ്മയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ആദ്യം സംഭവത്തിൽ ദുരൂഹത തോന്നിയില്ലെങ്കിലും പിന്നീട് ലഭിച്ച ആത്മഹത്യാക്കുറിപ്പും ഫോൺ രേഖകളും തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. “ക്ഷമിക്കണം ജിയ, അമ്മയ്ക്ക് മരിക്കേണ്ടി വന്നു” എന്ന കുറിപ്പോടെയാണ് കത്ത് ആരംഭിക്കുന്നത്. ഭർത്താവ് രൺധീറിനുള്ള സന്ദേശത്തിലും ഒരാൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയതായി യുവതി വ്യക്തമാക്കുന്നു.

വീട്ടുകാർ കണ്ടെത്തിയ മോണിക്കയുടെ മൊബൈൽ ഫോണിൽ നിന്ന് അഞ്ച് വ്യത്യസ്ത നമ്പറുകളിൽ നിന്നുള്ള വാട്‌സാപ്പ് കോളുകളും സന്ദേശങ്ങളും ഓഡിയോ റെക്കോർഡിംഗുകളും ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതര കേസുകളിൽ മോണിക്ക പ്രതിയാണെന്ന് വിശ്വസിപ്പിച്ച് മാനസികമായി സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ടുണ്ട്.

സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോഴും തട്ടിപ്പുകാർ വീഡിയോ കോളുകൾ നടത്തി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ രേഖകളും ആത്മഹത്യാക്കുറിപ്പും വിശദമായി പരിശോധിച്ചുവരികയാണ്.

പൊലീസ് ഉദ്യോഗസ്ഥരെന്ന പേരിൽ ലഭിക്കുന്ന കോളുകൾക്കും ഭീഷണികൾക്കും ഇരയാകരുതെന്നും, സംശയം തോന്നുന്ന സാഹചര്യങ്ങളിൽ ഉടൻ സൈബർ സെല്ലിനെ സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *