‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരിൽ യുവതിയെകൂട്ടബലാത്സംഗത്തിനിരയാക്കി; ഭർത്താവും ബന്ധുക്കളുമടക്കം 9 പേർ അറസ്റ്റിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ യുവതിയെ ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരിൽ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും ബന്ധുക്കളുമടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി മറ്റൊരാളുമായി ബന്ധം പുലർത്തിയെന്നാരോപിച്ചായിരുന്നു അതിക്രമമെന്നാണ് പൊലീസ് പറയുന്നത്.
ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിച്ചിരുന്ന യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തടവിലാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. മുറിയിൽ പൂട്ടിയിട്ടും ചങ്ങലയ്ക്കിട്ട് തടഞ്ഞുവച്ചുമായിരുന്നു പീഡനം.
ഇതിൽനിന്ന് രക്ഷപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്ന് പിടികൂടി കയറുപയോഗിച്ച് മരത്തിൽ കെട്ടിയിട്ടെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ‘ശുദ്ധീകരണ ചടങ്ങ്’ നടത്തുകയാണെന്ന് പറഞ്ഞ് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവും സംഭവത്തിൽ പ്രതികളോടൊപ്പം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് യുവതിയെ കണ്ടെത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഒമ്പത് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



