ടൂറിസ്റ്റ് ബസുകൾ ഇനി ‘കളറാകുമോ’? ഏകീകൃത വെള്ളനിറം പുനഃപരിശോധിക്കാൻ സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറം സംബന്ധിച്ച ചട്ടത്തിൽ മാറ്റത്തിന് വഴിയൊരുങ്ങുന്നു. നിലവിലെ നിറം നിർബന്ധമാക്കിയ തീരുമാനം പുനഃപരിശോധിക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം നൽകി. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 67 (1) (d) പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് പുതിയ ഉത്തരവ്.

2021 ഓഗസ്റ്റ് 11ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി നിശ്ചയിച്ച കളർ കോഡ് പുനഃപരിശോധിക്കാനാണ് നിർദേശം. ഓൾ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങളുടെ പെർമിറ്റ് ചട്ടങ്ങൾ, 2023 കൂടി പരിഗണിച്ച് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണം. അതേസമയം റോഡ് സുരക്ഷ മുൻനിർത്തിയുള്ള 2019ലെ ഹൈക്കോടതി വിധിയും നിർദേശങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

കേരളത്തിൽ മാത്രം ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നിർബന്ധമാക്കിയതോടെ ടൂറിസം ഗതാഗത മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് നിറത്തിന്റെ കാര്യത്തിൽ സമാന നിയന്ത്രണമില്ലാത്തതിനാൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകളുടെ വാടക കുറഞ്ഞതായി ഉടമകൾ ചൂണ്ടിക്കാട്ടി. നിറനിയന്ത്രണം കാരണം വാഹന ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ നടത്തുന്നത് സംസ്ഥാനത്തിന്റെ മോട്ടോർ വാഹന നികുതി, പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ള വരുമാനത്തെയും ബാധിക്കുമെന്ന കാര്യവും സർക്കാർ പരിഗണിച്ചു.

അതേസമയം റോഡ് സുരക്ഷയുടെ ഭാഗമായി ബസുകളുടെ ബോഡിയിലും സുരക്ഷാ ഗ്ലാസുകളിലും സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പ്രദർശിപ്പിക്കുന്നത് ഹൈക്കോടതി 2019 ഒക്ടോബർ ഒന്നിന് വിലക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് 1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ റൂൾ 264 പ്രകാരം 2021 ഓഗസ്റ്റ് 11ന് എൽ.എം.വി. ഒഴികെയുള്ള കോൺട്രാക്ട് ക്യാരേജുകൾക്ക് ഏകീകൃത നിറം നിശ്ചയിച്ചത്. പുതിയ സർക്കാർ നിർദേശത്തോടെ ഈ ചട്ടം ഇനി എങ്ങനെ മാറുമെന്നതാണ് ശ്രദ്ധേയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button