വീണ്ടും സുരേന്ദ്രൻ എത്തുമോ? ശോഭയ്ക്കും രമേശിനും സാദ്ധ്യത; ബിജെപി പ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം തിങ്കാളാഴ്ച പ്രഖ്യാപിക്കാൻ സാദ്ധ്യത. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവിൽ നിന്ന് ഞായറാഴ്ച പത്രിക സ്വീകരിക്കും. അദ്ധ്യക്ഷ പദവയിലേക്കുള്ള മത്സരം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം പരിമാവധി ശ്രമിക്കുന്നത്. അതുകൊണ്ട് ഒരാളിൽ നിന്ന് മാത്രമേ പത്രിക സ്വീകരിക്കുകയുള്ളൂ എന്നാണ് സൂചന. അദ്ധ്യക്ഷ സ്ഥാനത്തേക്ക് സാദ്ധ്യതയുള്ള ഒട്ടേറെ നേതാക്കളുടെ പേര് ചർച്ചയാകുന്നുണ്ട്. അതുകൊണ്ട് അഭ്യൂഹങ്ങൾക്ക് ഒരു കുറവുമില്ല.

നിലവിലുള്ള പ്രസിഡന്റ് കെ സുരേന്ദ്രന് വീണ്ടും സാദ്ധ്യത കൽപ്പിക്കുന്ന നേതാക്കൾ പാർട്ടിയിലുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തിലെ മറ്റ് നേതാക്കളുടെ പേരും പരിഗണനയിലുണ്ട്. ഞായറാഴ്ച രാവിലെ കോർ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. എന്നാൽ പ്രസിഡന്റിനെ തിരഞ്ഞെടുത്തുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ദേശീയ നേതൃത്വത്തിനായതിനാൽ കേരള നേതാക്കൾക്കും കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ല.ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി കെ സുരേന്ദ്രൻ 2020 ഫെബ്രുവരിയിലാണ് ചുമതലയേറ്റത്.

തൃശൂരിൽ സുരേഷ് ഗോപിയുടെ ജയം, ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം ഉയർന്നത്, തദ്ദേശ സ്ഥാപന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തത് എന്നിവ സുരേന്ദ്രന് അനുകൂലമാണെന്ന് ചില നേതാക്കൾ വിശ്വസിക്കുന്നു. സുരേന്ദ്രന് ആർഎസ്എസ് പിന്തുണ ലഭിക്കുന്നുണ്ടെന്ന ഈ നേതാക്കൾ അവകാശപ്പെടുന്നു. എന്നാൽ ആദ്യം ടേം കഴിഞ്ഞത് കൊണ്ട് സുരേന്ദ്രനെ വീണ്ടും പരിഗണിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.നിലവിൽ ജനറൽ സെക്രട്ടറിയായ എംടി രമേശിന് അനുകൂല സാഹചര്യമുണ്ട്.

പികെ കൃഷ്ണദാസ് പക്ഷം നേതാക്കളാണ് എംടി രമേശിന് അനുകൂലമെന്ന് അവകാശപ്പെടുന്നത്. ഇനി വനിതാ പ്രസിഡന്റ് മതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാൽ ഇപ്പോൾ വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രനെ പരിഗണിച്ചേക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായിരുന്ന മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സാദ്ധ്യത പട്ടികയിലെ മറ്റൊരു നേതാവ്. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്വന്തമായി വസതിയും വാങ്ങിയിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയായ വി മുരളീധരനും പരിഗണിക്കപ്പെടുന്ന നേതാക്കളിൽ ഒരാളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *