സിവിൽ പോലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചത് എന്തിന്? പിന്നിൽ ഞെട്ടിക്കുന്ന കാരണം

“എന്റെ മകൻ വിവേകിൻ്റെ വിവാഹ നിശ്ചയം ആ പെൺകുട്ടിയുമായി (ആരതി രാജ് – 26) നടന്നിരുന്നു. അഞ്ചുമാസം മുമ്പാണ് ചടങ്ങ് നടന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ അവൾക്ക് ഉടൻ ജോലി ലഭിക്കുമെന്ന് കുടുംബം ഞങ്ങളോട് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് കുടുംബം ഞങ്ങളെ വഞ്ചിച്ചതാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഈ വിഷയത്തെ തുടർന്ന് ബന്ധം വഷളായപ്പോൾ, വിവാഹനിശ്ചയം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. നിശ്ചയച്ചടങ്ങിനായി അവർക്ക് ഉണ്ടായ ചെലവുകൾക്കായി ₹2.5 ലക്ഷം നഷ്ടപരിഹാരവും ഞങ്ങൾ നൽകി. ആ തുക കൈമാറുകയും സ്റ്റാമ്പ് പേപ്പറിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു,” പിതാവ് വേണു ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.

ഈ കേസിൽ വൻ ട്വിസ്റ്റാണ് സംഭവിച്ചത്. കെ. എസ്. യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് വരുത്തി തീർക്കാൻ മൂന്ന് പേജുള്ള കത്ത് സംഭവ സ്ഥലത്ത് നിക്ഷേപിച്ചിരുന്നു. എന്നാൽ വ്യക്തിവിരോധത്തിന്റെ പേരിൽ രണ്ട് യുവതികളാണ് ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇവർ തിരുവനന്തപുരത്ത് കോച്ചിങ്ങ് സെൻ്ററിൽ പഠിക്കുന്നവരാണെന്ന് അറിയുന്നു. ആർച്ചലിലെ സിപിഐ നേതാവ് അനിമോൻ യുവതികളെ രാവിലെ കണ്ട കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഓട്ടോയിൽ കയറി പോയി എന്നെ സൂചന പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.

ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോയിലെത്തിയവരിലേക്ക് അന്വേഷണം നീണ്ടതാണ് വഴിത്തിരിവായത്. ഓട്ടോയ്ക്ക് പണം നല്‍കിയത് ഗുഗിള്‍പേ വഴിയായിരുന്നു. ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് പ്രതികളായ യുവതികളെ കണ്ടെത്തുന്നത്.

പൊലീസ് തയ്യാറാക്കിയ ചിത്രം ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞതോടെയാണ്, ആരതിയേയും സുഹൃത്ത് ഗായത്രിയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹം മുടങ്ങിയതിൻ്റെ വൈരാഗ്യത്തിലാണ് യുവതികള്‍ ബൈക്ക് കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ഇതിനിടെ പോലീസ് കസ്റ്റഡിയിൽ ആയ ആരതിയെ എലി വിഷം ഉള്ളിൽ ചെന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ ആയിരിക്കേ വിഷം കഴിച്ചത് എങ്ങനെയെന്ന ചോദ്യവുംആരോപണവും ഉയരുന്നുണ്ട്.

ആർച്ചൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും നിർണ്ണായകമായി. ആറന്മുള പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണ് വിവേക്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് ബൈക്ക് കത്തി നശിച്ചത്.

രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മൂന്നുവർഷംമുൻപത്തെ സംഭവത്തോടുള്ള വൈരാഗ്യമാണ് ഈ അക്രമത്തിന് പിന്നിലെന്നാണ് വരുത്തി തീർക്കാനായിരുന്നു ശ്രമം. മൂന്നുവർഷം മുൻപ് പുനലൂരിലെ കോളേജിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ലാത്തിച്ചാർജ് നടത്തിയ പോലീസ് സംഘത്തിൽ വിവേകുമുണ്ടായിരുന്നു. വിവേകിന്റെ ലാത്തിയടിയേറ്റ് അന്ന് ചില കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അന്ന് പരിക്കേറ്റെന്നാണ് പറയപ്പെടുന്നത്.

ഇതിൻ്റെ പകയാണെന്ന് വരുത്തി തീർക്കാനാണ് യുവതികൾ ആസൂത്രിതമായി ശ്രമിച്ചത്.വിവേകിന്റെ ബുള്ളറ്റ് കത്തിക്കുകയും മൂന്നുപേജുള്ള ഭീഷണിക്കത്ത് അവിടെ വയ്ക്കുകയുമായിരുന്നു. ബുള്ളറ്റ് കത്തുന്നതുകണ്ടാണ് വിവേകും അച്ഛനും അമ്മയും പുറത്തേക്കെത്തിയത്. എന്നാൽ പുറത്ത് പ്രതി കരിഓയിൽ ഒഴിച്ചിരുന്നതിനാൽ ഇവർ തെന്നിവീണ് മൂന്നുപേർക്കും പരിക്കേറ്റു. പിന്നാലെ നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് ഭീഷണിക്കത്ത് കണ്ടെത്തുകയും ചെയ്തു.

‘മൂന്നുവർഷം കാത്തിരുന്നത് ഇതിനായിരുന്നു, ഞങ്ങൾ തിരിച്ചുവരില്ലെന്ന് കരുതിയോ നീ’ എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് ഭീഷണിക്കത്തിലുള്ളത്. ഇതോടെ അന്വേഷണത്തെ വഴി തെറ്റിക്കാനും കെ എസ് യു – യൂത്ത് കോൺഗ്രസുകാരുടെ
തലയിൽ കേസ് കെട്ടിവയ്ക്കാനുമുള്ള ശ്രമമാണെന്ന് ഉറപ്പായി.
സംഭവത്തിൽ പുനലൂർ ഡിവൈ.എസ്.പി. ഡോ. അപർണയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
യുവതികളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button