വി.എസ്. ശിവകുമാറിനെ അരുവിക്കരയിലേക്ക് മാറ്റിയത് തോൽപ്പിക്കാനുള്ള അജണ്ടയോ? കോൺഗ്രസിൽ ചർച്ച ശക്തം

തിരുവനന്തപുരം: തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് മാറ്റി വി.എസ്. ശിവകുമാറിനെ മത്സരിപ്പിച്ച തീരുമാനം കോൺഗ്രസിനുള്ളിൽ വീണ്ടും ചർച്ചയാകുന്നു. പത്തുവർഷം തിരുവനന്തപുരം മണ്ഡലത്തിലെ ജനപ്രതിനിധിയായും, പിന്നീട് അഞ്ചു വർഷം എം.എൽ.എയെ പോലെ മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ച നേതാവിനെയാണ് അവസാന നിമിഷത്തിൽ മണ്ഡലം മാറ്റി മത്സരിപ്പിച്ചതെന്ന ചോദ്യം ശക്തമാകുകയാണ്.
ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്റെ ആരോഗ്യ മേഖലയെ നവീകരിക്കുകയും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്ത മികച്ച മന്ത്രിമാരിൽ ഒരാളായി വി.എസ്. ശിവകുമാർ വിലയിരുത്തപ്പെടുന്നു. രണ്ടാം മെഡിക്കൽ കോളേജ് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ഇരുളിലായിരുന്ന പ്രദേശങ്ങളെ ടൗൺഷിപ്പുകളാക്കി മാറ്റിയതും, സുനാമി-ഓഖി ദുരന്തകാലത്ത് തീരദേശ ജനങ്ങളോടൊപ്പം നിന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എം.പി ആയിരുന്ന കാലത്ത് വികസന രാഷ്ട്രീയം ജനങ്ങൾക്ക് ബോധ്യപ്പെടുത്തിയ നേതാവായും, ഡി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ പാർട്ടിയെ ഒത്തിണക്കത്തോടെ മുന്നോട്ട് നയിച്ച് ഒൻപത് എം.എൽ.എമാരെയും തിരുവനന്തപുരം കോർപ്പറേഷനിൽ 42 കൗൺസിലർമാരെയും ജില്ലാ പഞ്ചായത്തും കോൺഗ്രസിന്റെ കൈകളിലെത്തിച്ച നേതാവായും ശിവകുമാർ ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ മറ്റ് കോൺഗ്രസ് നേതാക്കൾക്ക് അവർ നോക്കിനിന്ന മണ്ഡലങ്ങൾ തന്നപ്പോൾ, സഖ്യകക്ഷിക്ക് സീറ്റ് നൽകാനെന്ന പേരിൽ വി.എസ്. ശിവകുമാറിനെ മാത്രം 15 വർഷമായി പ്രവർത്തിച്ചിരുന്ന തിരുവനന്തപുരത്ത് നിന്ന് മാറ്റിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. ഇത് അദ്ദേഹത്തെ തോൽപ്പിക്കാനുള്ള നീക്കമായിരുന്നില്ലേയെന്നാണ് പ്രവർത്തകരുടെ സംശയം.
അരുവിക്കര പോലുള്ള വലിയ മണ്ഡലത്തിൽ, മലയോര മേഖലയെയും ആദിവാസി മേഖലയെയും ഉൾക്കൊള്ളുന്ന സാഹചര്യത്തിൽ വെറും 15 ദിവസം മാത്രം ലഭിച്ചാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. പാർട്ടി സംഘടന ദുർബലമായിരുന്ന മണ്ഡലത്തിൽ അത്ര കുറഞ്ഞ സമയത്ത് കരുത്തുറ്റ പോരാട്ടം നടത്താൻ സാധ്യമല്ലായിരുന്നുവെന്നാണ് വിലയിരുത്തൽ.
ഇതോടൊപ്പം, ശിവകുമാർ ബിജെപിയിലേക്ക് പോകുമെന്ന വ്യാജപ്രചരണവും കോൺഗ്രസിന്റെ ഒരു വിഭാഗത്തിൽ നിന്നുതന്നെ ഉയർന്നുവന്നുവെന്ന ആരോപണവും ശക്തമാണ്. ന്യൂനപക്ഷ മേഖലകളിൽ ഇത് വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടുവെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ചപ്പോഴും ബിജെപിയുടെ വോട്ട് വിഹിതം 35,000ൽ താഴെയായിരുന്നപ്പോൾ, അരുവിക്കരയിൽ ബിജെപി 2021നെക്കാൾ 10,000ത്തോളം വോട്ടുകൾ വർധിപ്പിച്ചതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ വരുമ്പോൾ ശിവകുമാറിനും ബിജെപിക്കും തമ്മിൽ ധാരണയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമായി ലക്ഷ്യമിട്ട കുപ്രചാരണമല്ലേയെന്ന ചോദ്യവും ഉയരുന്നു.
നായർ വിഭാഗം മുഴുവൻ ശിവകുമാറിന് വോട്ട് ചെയ്യും എന്ന തരത്തിലുള്ള പ്രചരണത്തിലൂടെ മറ്റു വിഭാഗങ്ങളുടെ വോട്ടുകൾ എതിർസ്ഥാനാർത്ഥിയിലേക്ക് കേന്ദ്രീകരിച്ചുവെന്ന ആരോപണവും ഉണ്ട്.
കോൺഗ്രസിൽ കഴിവ് തെളിയിച്ച, എം.പി ആയതും മന്ത്രിയായതും ഡി.സി.സി പ്രസിഡന്റായതും ഒരു നേതാവിന്റെ കുറ്റമാണോ എന്ന ചോദ്യം ഉയർത്തുന്ന പ്രവർത്തകർ, വി.എസ്. ശിവകുമാറിനെ ഒതുക്കാനുള്ള നീക്കം പാർട്ടി പ്രവർത്തകരും സാധാരണ ജനങ്ങളും നീണ്ടുനിൽക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും നൽകുന്നു.



