മാധ്യമ പി.ആർ കൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കാനാവില്ല’; കോൺഗ്രസിൽ മുന്നറിയിപ്പുമായി നിയാസ് ഭാരതി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ പി.ആർ പ്രവർത്തനങ്ങളെയും വ്യക്തിനിഷ്ഠ പ്രചാരണങ്ങളെയും വിമർശിച്ച് മുൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി രംഗത്ത്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ഒരാളുടെ വ്യക്തിപരമായ നേട്ടമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും, ജനവിധിയുടെ യഥാർത്ഥ സന്ദേശം മനസ്സിലാക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

ഇടത് സർക്കാരിന്റെ ദുർഭരണത്തിനെതിരായ ശക്തമായ ജനവിധിയാണ് ഇത്തവണ യു.ഡി.എഫിന് അനുകൂലമായതെന്ന് നിയാസ് ഭാരതി പറഞ്ഞു. കടുത്ത കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള മണ്ഡലങ്ങളിലുപോലും യു.ഡി.എഫ് വിജയിച്ചത് ഒരാളെ മുഖ്യമന്ത്രി ആക്കാനല്ല, പിണറായി വിജയനെതിരെ ജനങ്ങൾ വോട്ട് ചെയ്തതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തളിപ്പറമ്പ്, പയ്യന്നൂർ, ഉദുമ, തൃക്കരിപ്പൂർ, അമ്പലപ്പുഴ, കായംകുളം, ഇടുക്കി, ആലപ്പുഴ, ചിറയിൻകീഴ്, ചടയമംഗലം, പത്തനാപുരം, കൊല്ലം തുടങ്ങിയ കമ്മ്യൂണിസ്റ്റ് സ്വാധീന മേഖലകളിൽ യു.ഡി.എഫിന്റെ മുന്നേറ്റം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെയും ചാനലുകളിലൂടെയും ഒരാളെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നിയാസ് ഭാരതി വിമർശിച്ചു. അടുത്തിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള ഒരാൾക്കെതിരെ മറ്റൊരാൾ നടത്തിയ നീക്കങ്ങൾ ഡൽഹി നേതൃത്വം ശ്രദ്ധിച്ചിരുന്നുവെന്നും, ഇപ്പോൾ നടക്കുന്ന പി.ആർ പ്രവർത്തനങ്ങളും കേന്ദ്ര നേതൃത്വം ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണം ഒരാളുടെ നേതൃത്വത്തിലല്ലെന്ന് കേന്ദ്ര നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ശശി തരൂർ, കെ. സുധാകരൻ, സണ്ണി ജോസഫ്, ഷാഫി പറമ്പിൽ ഉൾപ്പെടെ നിരവധി നേതാക്കളുടെ കൂട്ടായ പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നാൾ വേണം, മറ്റെയാൾ വേണ്ട’ എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അശ്ലീലമാണെന്നും, വ്യക്തിപരമായ അടുപ്പമോ പ്രയോജനമോ മുൻനിർത്തി മറ്റുള്ള നേതാക്കളെ താറടിക്കുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുമെന്നും നിയാസ് ഭാരതി മുന്നറിയിപ്പ് നൽകി.

ലോക്സഭ തിരഞ്ഞെടുപ്പ് അതീവ പ്രാധാന്യമുള്ള ഘട്ടത്തിലാണെന്നും, ഇപ്പോഴത്തെ വിഭാഗീയത ഭാവിയിൽ തിരിച്ചടിയാകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *