വിരാട് കോഹ്ലി–അനുഷ്‌ക ശർമ്മയുടെ സർപ്രൈസ് സന്ദർശനം; ബംഗളൂരുവിൽ ഗതാഗതക്കുരുക്ക്

ബംഗളൂരു: ബംഗളൂരുവിലെ പ്രശസ്തമായ സെൻട്രൽ ടിഫിൻ റൂമിൽ സർപ്രൈസ് സന്ദർശനവുമായി താരദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്‌ക ശർമ്മയും. അനുഷ്‌കയുടെ കോളേജ് കാലത്തെ ഇഷ്ട ഭക്ഷണശാലയായ ഈ ഹോട്ടലിലേക്ക് കുടുംബസമേതം എത്തിച്ചേരുകയായിരുന്നു ഇരുവരും.
സന്ദർശനത്തെക്കുറിച്ച് മൂന്ന് ദിവസം മുമ്പ് തന്നെ റെസ്റ്റോറന്റ് ഉടമ ഗണേഷ് പൂജാരിയെ കോൾ ചെയ്ത് അറിയിച്ചിരുന്നുവെങ്കിലും ആദ്യം ഇത് ആരോ തമാശയ്ക്ക് വിളിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. എന്നാൽ പിന്നീട് രണ്ട് കാറുകളിലായി താരങ്ങൾ എത്തിച്ചേർന്നതോടെ വലിയ ആവേശവും ആശ്ചര്യവുമായിരുന്നു ഉണ്ടായത്.
“അവർ എത്തുന്ന വിവരം പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. പിന്നീട് കാറുകൾ ഹോട്ടലിന് മുന്നിൽ എത്തി നിർത്തിയപ്പോൾ മാത്രമാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്,” എന്ന് ഗണേഷ് പൂജാരി പറഞ്ഞു. താരങ്ങൾക്ക് വേണ്ടി ഹോട്ടലിലെ ഒരു മുഴുവൻ നിലയും മാറ്റിവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
സന്ദർശനത്തിനിടെ അനുഷ്‌ക ശർമ്മ കോളേജ് കാലത്ത് ഈ ഹോട്ടലിൽ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നും, തിരക്കേറിയ ജീവിതത്തിനിടയിലും ഇവിടെ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പറഞ്ഞതായി ഉടമ വ്യക്തമാക്കി.
താരദമ്പതികൾ മടങ്ങുമ്പോൾ ഹോട്ടലിന് മുന്നിൽ വലിയ ജനക്കൂട്ടമാണ് എത്തിയത്. റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇടപെട്ടു. മുൻകൂട്ടി അറിയിക്കാതെ വിഐപി സന്ദർശനങ്ങൾ ഉണ്ടായാൽ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശർമ്മയുടെയും ഈ സന്ദർശനം ജീവനക്കാർക്കും ആരാധകർക്കും ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് റെസ്റ്റോറന്റ് ഉടമ ഗണേഷ് പൂജാരി പ്രതികരിച്ചു.



