എംഎൽഎമാരിലെ ഭൂരിപക്ഷം കെസിക്ക്, ഹൈക്കമാൻഡിനെ ധരിപ്പിച്ച് നിരീക്ഷകർ

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തുടരുന്ന ചർച്ചകൾക്കിടെ എഐസിസി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്ത്. കെ സി വേണുഗോപാലിനാണ് ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി വിവരം.
ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ അജയ് മാക്കാനും മുകുൾ വാസ്നിക്കും എംഎൽഎമാരെയും നേതാക്കളെയും നേരിട്ട് കണ്ട് നടത്തിയ ചർച്ചകൾക്കുശേഷമാണ് റിപ്പോർട്ട് മല്ലികാർജുൻ ഖർഗെയ്ക്ക് കൈമാറിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമാണെന്ന് നിരീക്ഷകർ ഖർഗെയെ ധരിപ്പിച്ചതായും ഘടകകക്ഷികളുടെ നിലപാട് കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് നിർദേശിച്ചതായും വിവരമുണ്ട്.
അതിനിടെ റിപ്പോർട്ടിൽ ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണെന്ന് ചൂണ്ടിക്കാട്ടുന്ന വിവരങ്ങൾ പുറത്തുവന്നു. 63 എംഎൽഎമാരിൽ 47 പേർ വേണുഗോപാലിന്റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെ നിരവധി നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മറുവശത്ത് രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നും, വി ഡി സതീശന് ആറ് എംഎൽഎമാരുടെ പിന്തുണ മാത്രമാണെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു. ചെന്നിത്തലയുടെയും സതീശന്റെയും നിലപാടുകൾ അവർ നിരീക്ഷകരെ കണ്ടപ്പോൾ അവതരിപ്പിച്ചിരുന്നുവെങ്കിലും കെ സി വേണുഗോപാൽ നേരിട്ടുള്ള ചർച്ചയിൽ നിന്ന് വിട്ടുനിന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച ചിത്രം പുറത്ത് വന്നതിനെ മുകുൾ വാസ്നിക് തള്ളി. പുറത്ത് വന്നത് യഥാർത്ഥ രേഖയല്ലെന്നും നിരീക്ഷകരുടെ കൈവശമുണ്ടായിരുന്ന രേഖകളുടെ ചിത്രങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.
റിപ്പോർട്ടിനെക്കുറിച്ച് കോൺഗ്രസിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം വൈകില്ലെന്നും ഹൈക്കമാൻഡ് ഉടൻ നിലപാട് പ്രഖ്യാപിക്കുമെന്നുമാണ് സൂചന.



