ഇനി ദളപതി ഭരണം: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്ന വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നാണ് അവകാശവാദം.
അതേസമയം, കോൺഗ്രസിനും പുതിയ സർക്കാരിൽ പങ്കാളിത്തം ലഭിച്ചതായും രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. മേലൂർ എംഎൽഎ പി. വിശ്വനാഥനും രാജേഷ് കുമാറിനും മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നുമാണ് റിപ്പോർട്ട്.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തീരുമാനം ഉണ്ടായതെന്നാണ് വിവരം. ഗവർണർ രാജേന്ദ്ര ആർലേക്കർ ആദ്യം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നില്ലെന്നും എംഎൽഎമാരുടെ എണ്ണത്തെ ചൊല്ലി ആശയക്കുഴപ്പം നിലനിന്നിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
പിന്നീട് 120 എംഎൽഎമാരുടെ പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെയാണ് ഗവർണർ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതെന്നും, തുടർന്ന് വിജയ് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ചതെന്നുമാണ് വിവരം.
എന്നാൽ ഈ വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.



