‘നമുക്ക് കോട്ട് ധരിക്കാൻ പാടില്ലേ?’; വസ്ത്രധാരണ വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുഖ്യമന്ത്രിയായതിന് ശേഷം തന്റെ വസ്ത്രധാരണ രീതിയെ ചൊല്ലി ഉയർന്ന വിമർശനങ്ങൾക്കും ചർച്ചകൾക്കും മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. കോട്ട്-സ്യൂട്ട് ധരിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരോട് “നമുക്ക് കോട്ട് ധരിക്കാൻ പാടില്ലേ?” എന്ന ചോദ്യമാണ് വിജയ് ഉന്നയിച്ചത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നടന്ന ആദ്യ പൊതുറാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ നേതാക്കൾ സാധാരണയായി ധരിക്കുന്ന വെള്ള ഷർട്ടും മുണ്ടും ഒഴിവാക്കി ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട് തിരഞ്ഞെടുക്കുന്നതിനെതിരെയാണ് പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നത്.

താൻ വർണാഭമായ വസ്ത്രങ്ങളല്ല ധരിക്കുന്നതെന്നും കറുപ്പും വെള്ളയും നിറങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേക കാരണമുണ്ടെന്നും വിജയ് വ്യക്തമാക്കി. സുതാര്യതയും ലാളിത്യവും ഭരണത്തിന്റെ മുഖമുദ്രയാകുമെന്ന സന്ദേശം നൽകാനാണ് ഈ നിറങ്ങൾ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

“ഇത് കേവലം ബ്ലാക്ക് ആൻഡ് വൈറ്റ് മാത്രമാണ്. നമ്മുടെ മനസ്സ് പോലെ എല്ലാ കാര്യങ്ങളിലും സുതാര്യതയും ലാളിത്യവും ഉണ്ടായിരിക്കും എന്ന് കാണിക്കാനാണ് ഈ നിറങ്ങൾ തിരഞ്ഞെടുത്തത്,” വിജയ് വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ പാർട്ടികൾക്കെതിരെയും വിജയ് രൂക്ഷ വിമർശനം ഉന്നയിച്ചു. തന്റെ പാർട്ടി അധികാരത്തിലെത്തിയിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും പ്രതിപക്ഷം തുടർച്ചയായി വിമർശനം ഉയർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആറ് മാസം മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറ് ദിവസം പോലും നിശബ്ദരായി ഇരിക്കാൻ കഴിഞ്ഞില്ലെന്നും വിജയ് പരിഹസിച്ചു.

വർഷങ്ങളായി തമിഴ്നാട് ഭരിച്ച രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളെയും ജനങ്ങൾ തള്ളിക്കളഞ്ഞതാണ് പുതിയ രാഷ്ട്രീയ മാറ്റത്തിന് വഴിവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button