‘എന്റെ സ്വഭാവം അങ്ങനെയാണ്; ഇഷ്ടമില്ലാത്ത കാര്യങ്ങൾ പോലും പുറത്തുകാണിക്കാറില്ല’

തമിഴ് സിനിമാ ലോകത്തേക്ക് വലിയൊരു എൻട്രിയുമായെത്താനൊരുങ്ങുകയാണ് നടൻ വിജയ്യുടെ മകൻ ജേസൺ സഞ്ജയ്. ഒക്ടോബർ രണ്ടിനാണ് ജേസൺ സംവിധായകനായി അരങ്ങേറുന്ന ‘സിഗ്മ’ തിയറ്ററുകളിലെത്തുന്നത്. സംവിധാനത്തിലേക്ക് കടക്കാൻ ആഗ്രഹമുള്ളവരോട് ജേസൺ തന്റെ അനുഭവത്തിൽ നിന്ന് ചെറിയ ടിപ്സുകൾ പങ്കുവയ്ക്കുകയാണ്.
“സംവിധായകൻ ആകണമെന്ന് ആഗ്രഹിക്കുന്നവരോടുള്ള എന്റെ ഉപദേശമോ ടിപ്സോ അല്ല ഇത്. ഞാൻ എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. നിങ്ങളൊരുപാട് ഷോർട്ട് ഫിലിമുകൾ ചെയ്യൂ. നിങ്ങളുടെ തലയിൽ വരുന്ന കഥകളെക്കുറിച്ച് വെറുതെ സ്വപ്നം കാണാതെ അത് എഴുതാൻ തുടങ്ങൂ. നന്നായി പ്രാക്ടീസ് ചെയ്യൂ.
നിങ്ങൾക്ക് ആദ്യമായി ഒരു സിനിമ ചെയ്യാൻ അവസരം ലഭിക്കുമ്പോൾ, ആദ്യ ദിവസം എന്താണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന് സീനൊക്കെ തയ്യാറാക്കി പോകണം. നമ്മൾ മനസിൽ വിചാരിച്ച കാര്യം ഷൂട്ട് ചെയ്യണമെന്ന് കരുതിയാണ് നമ്മൾ പോകുന്നത്. എന്നാൽ ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ നിന്നു എന്ന് വരില്ല.
അതെല്ലാം മറികടന്ന്, നമ്മൾ വിചാരിച്ച കാര്യം എങ്ങനെ ചെയ്യും എന്നതാണ് നോക്കേണ്ടത്. അതാണ് എനിക്ക് പറയാനുള്ളത്.- ജേസൺ പറഞ്ഞു. അതോടൊപ്പം തന്റെ വ്യക്തിപരമായി താൻ എങ്ങനെയുള്ള ആളാണെന്നും ജേസൺ തുറന്നു പറഞ്ഞു. വളരെ ശാന്തനായ കൂൾ ആയ ഒരാളാണ് ഞാൻ.
ഇനി എനിക്ക് അങ്ങനെ ഇരിക്കാൻ പറ്റിയില്ലെങ്കിൽ പോലും ഞാനത് പുറത്തു കാണിക്കാറില്ല, അതാണ് എന്റെ സ്വഭാവം. സെറ്റിലാണെങ്കിലും എന്തെങ്കിലും സ്ട്രെസ് ഒക്കെ വന്നാലും ഞാൻ അത് പുറത്തു കാണിക്കാറില്ല. കാരണം, ഒരു സെറ്റ് എന്ന് പറയുന്നത് സംവിധായകന്റെ ഉത്തരവാദിത്വം കൂടിയാണ്. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്”.- ജേസൺ കൂട്ടിച്ചേർത്തു.



