രാഷ്ട്രീയ ഗുരുവിന് ആദരമർപ്പിച്ച് വി ഡി സതീശൻ; ജി കാർത്തികേയന്റെ വീട്ടിൽ വികാരഭരിത സന്ദർശനം

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് തന്റെ രാഷ്ട്രീയ ഗുരുനാഥന്റെ സ്മരണ പുതുക്കി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. കാർത്തികേയന്റെ ശാസ്തമംഗലത്തെ വസതിയിലെത്തിയാണ് അദ്ദേഹം കുടുംബാംഗങ്ങളെ സന്ദർശിച്ചത്.
സന്ദർശനത്തിനിടെ വികാരഭരിതനായ സതീശൻ കണ്ണീർവാർത്തതായും റിപ്പോർട്ടുണ്ട്. ജി. കാർത്തികേയന്റെ ഭാര്യ ഡോ. എം.ടി. സുലേഖയും മകൻ കെ എസ് ശബരീനാഥനും അദ്ദേഹത്തെ സ്വീകരിച്ചു. “ചീഫ് മിനിസ്റ്റർ അങ്ങനെ കരയരുത്” എന്ന് സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ചതായും വിവരം.
“ജി കാർത്തികേയൻ എന്ന വലിയ മനുഷ്യന്റെ വിരൽതുമ്പിൽ തൂങ്ങി തന്നെയാണ് ഞാൻ രാഷ്ട്രീയത്തിലെത്തിയത്. അദ്ദേഹത്തിന്റെ കുടുംബം എന്റെ സ്വന്തം കുടുംബംപോലെയാണ്,” എന്ന് സതീശൻ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ കാർത്തികേയന്റെ പിന്തുണ നിർണായകമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചു.
1996ലും 2001ലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദ്ദേശം എകെ ആന്റണിക്കും കെ കരുണാകരനും മുന്നിൽ വച്ചത് കാർത്തികേയനാണെന്നും, അദ്ദേഹം തന്നെ എംഎൽഎയായി പാർട്ടിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് വിശ്വസിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു.
സതീശന്റെ നേതൃപാടവം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും, ഇന്ന് അദ്ദേഹം ഉയർന്ന സ്ഥാനത്തെത്തിയതിൽ അഭിമാനമുണ്ടെന്നും ഡോ. സുലേഖ പ്രതികരിച്ചു. കേരളം എന്നും ഓർക്കുന്ന മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് അവർ ആശംസിച്ചു.



