വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്യാൻ മാധ്യമ സിൻഡിക്കേറ്റ് സജീവം? പി ആർ രാഷ്ട്രീയ ചർച്ച ശക്തം

തിരുവനന്തപുരം: ചാനലുകളിലെ പ്രമുഖ ജേണലിസ്റ്റുകളെ സ്വാധീനിച്ച് പി.ആർ പ്രവർത്തനങ്ങൾ നടത്തുന്നതായുള്ള ആരോപണം വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് തലസ്ഥാനത്ത് ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആരോപണം.

ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലെ പ്രമുഖ മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രൊജക്റ്റ് ചെയ്യാനുള്ള സംഘടിത ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് വിമർശനം. തിരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും ചാനലുകളിൽ വന്ന വാർത്തകളും ചർച്ചകളും പരിശോധിച്ചാൽ ഈ അജണ്ട വ്യക്തമായി മനസ്സിലാകുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പ്രമുഖ അവതാരകരുടെ ചർച്ചകളിലൂടെ “മെജോറിറ്റി” എന്ന വികാരം ജനങ്ങളിലേക്ക് എത്തിച്ച് അതിനെ ഹൈക്കമാൻഡിന് മേലുള്ള സമ്മർദ്ദമായി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണവും ഉയരുന്നു.

ഇതിന് ലക്ഷങ്ങൾ പ്രതിഫലമായി കൈമാറിയിട്ടുണ്ടെന്ന സൂചനയും ശക്തമാണെന്നാണ് ആരോപണം. പാർട്ടിക്കായി വർഷങ്ങളായി പ്രവർത്തിച്ച സാധാരണ പ്രവർത്തകരുടെ വികാരങ്ങളെ മറികടന്ന്, മാധ്യമങ്ങൾ വഴി “സതീശനാണ് അടുത്ത മുഖ്യമന്ത്രി” എന്ന അജണ്ട സജ്ജമാക്കാനുള്ള ശ്രമമാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

2006ൽ വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയ രാഷ്ട്രീയ-മാധ്യമ അന്തരീക്ഷവുമായി ഇതിനെ താരതമ്യം ചെയ്യുന്നതും ശ്രദ്ധേയമാണ്. എന്നാൽ വി.എസ് പോലെ ജനകീയ സ്വീകാര്യതയും വിശ്വാസ്യതയും വി.ഡി. സതീശന് ഇല്ലെന്നും, മാധ്യമ നിർമ്മിത ഇമേജ് മാത്രം കൊണ്ട് അത് സാധ്യമാകില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ഇതിനിടെ, എ.ഐ.സി.സി നേതൃത്വം കേരളത്തിലെ എല്ലാ നേതാക്കളുടെയും നീക്കങ്ങൾ ശക്തമായി നിരീക്ഷിക്കുന്നുവെന്നും, പ്രത്യേക നിരീക്ഷക സംഘങ്ങൾ റിപ്പോർട്ടുകൾ നേരിട്ട് ഡൽഹിയിലേക്ക് കൈമാറുന്നുവെന്ന വിവരവും പുറത്തുവരുന്നു.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ജനഹിതത്തിലൂടെയോ, കോടികളുടെ പി.ആർ അജണ്ടയിലൂടെയോ എന്ന ചർച്ചയാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ശക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *