പെട്രോളിൽ എഥനോൾ അളവ് കൂട്ടും; കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുണ്ടാകും, മുന്നറിയിപ്പുമായി സുരേഷ് ഗോപി

തൃശൂർ: പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് കാലക്രമേണ ഇനിയും വർദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശാസ്ത്രീയമായ സാധ്യതകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഈ വർദ്ധനവ് നടപ്പിലാക്കുകയെന്നും നിലവിൽ 20 ശതമാനം എഥനോൾ കലർത്താനാണ് അംഗീകാരമുള്ളതെന്നും അദ്ദേഹം തൃശൂരിൽ വ്യക്തമാക്കി. എഥനോളിന്റെ അളവ് പരിശോധിക്കാൻ കേരളത്തിനും കർണാടകത്തിനും സാധിക്കുമെന്നും എന്നാൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി സാങ്കേതികമായി കുത്തിത്തിരിപ്പുകൾ നടത്താൻ ശ്രമിച്ചാൽ അതിന്റെ തിരിച്ചടി ആർക്കായിരിക്കുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, സംസ്ഥാനത്തെ പെട്രോളിയം ഉൽപ്പന്നങ്ങളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ എഥനോൾ കലർത്തുന്നുണ്ടെന്ന പരാതികൾ വ്യാപകമായിട്ടുണ്ട്. പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസിലേക്ക് നിരവധിയാളുകളാണ് ഫോൺ വഴി പരാതിയുമായി എത്തിയത്.
ഇതേത്തുടർന്ന് സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലും ഇന്ധന ടാങ്കറുകളിലും പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടക്കുക. ഉപഭോക്തൃകാര്യ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകളിൽ കൃത്രിമം കണ്ടെത്തിയാൽ പമ്പുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
എന്നാൽ, പെട്രോളിൽ എഥനോൾ കലർത്തുന്ന വിഷയം വിവാദമായതോടെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പിന്തുണയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. കർണാടകയിൽ നിന്ന് ശേഖരിച്ച 56 സാമ്പിളുകളും നിർദ്ദിഷ്ട E20 മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സാമ്പിൾ പരിശോധനകളിലെ അശാസ്ത്രീയതയും കൃത്യതയില്ലായ്മയുമാണ് ഇത്തരം തെറ്റായ ആരോപണങ്ങൾക്ക് കാരണമെന്നാണ് കേന്ദ്രത്തിന്റെ വാദം.



