കനൽവഴി താണ്ടിയെത്തിയ മൂന്ന് യുവ എം.എൽ.എമാർ’; കോൺഗ്രസിനെ അഭിനന്ദിച്ച് ജി.വി. ഹരി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തിയ മൂന്ന് യുവ എം.എൽ.എമാരുടെ ജീവിതപശ്ചാത്തലം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജി.വി. ഹരി രംഗത്ത്. ഒ.ജെ. ജനീഷ്, വി.ടി. സൂരജ്, എ.ഡി. തോമസ് എന്നിവർ കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും അതിജീവിച്ച് നിയമസഭയിലെത്തിയവരാണെന്നും, സി.പി.എം ആയിരുന്നെങ്കിൽ മാധ്യമങ്ങൾ ഇവരെ “കനൽവഴി താണ്ടിയവർ” എന്ന പേരിൽ വലിയ രീതിയിൽ പ്രചരിപ്പിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂരിലെ എം.എൽ.എ അഡ്വ. ഒ.ജെ. ജനീഷ് സെയിൽസ്മാനായും, ഇന്റർനെറ്റ് കഫേയിലെ സഹായിയായും, സൈക്കിൾ കടയിലെ ജോലിക്കാരനായും, സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്ത ശേഷമാണ് നിയമബിരുദം നേടി അഭിഭാഷകനായത്.

ബാലുശ്ശേരിയിലെ എം.എൽ.എ വി.ടി. സൂരജ് കൂലിപ്പണിക്കാരനായ തറമ്മൽ നാരായണന്റെ മകനാണ്. കുടികിടപ്പായി ലഭിച്ച പത്ത് സെന്റ് ഭൂമിയിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ചു നൽകിയ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നതെന്നും ജി.വി. ഹരി ചൂണ്ടിക്കാട്ടി.

ആലപ്പുഴയിലെ എ.ഡി. തോമസ് പൊന്തുവള്ളത്തിൽ കടലിൽ പോയി മീൻപിടിച്ചും, പെട്രോൾ പമ്പിൽ ജോലി ചെയ്തും, ഹോം ട്യൂഷൻ എടുത്തും ജീവിതം മുന്നോട്ടുകൊണ്ടുപോയ ആളാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ശതകോടീശ്വരന്മാർക്കും കോർപ്പറേറ്റ് നോമിനികൾക്കും നിയമസഭാ സീറ്റുകൾ നൽകുമ്പോൾ, പട്ടിണിയും കഷ്ടപ്പാടും കഠിനാധ്വാനവും ജീവിത യാഥാർത്ഥ്യമായി അനുഭവിച്ച യുവാക്കളെ നിയമസഭയിലേക്ക് എത്തിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് ജി.വി. ഹരി വ്യക്തമാക്കി.

ദളിത്-പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട നിരവധി പേർക്ക് നിയമസഭയിലേക്കുള്ള വഴി തുറന്നത് കോൺഗ്രസാണെന്നും, ഇവർ ആരും വെറുതെയല്ല നിയമസഭയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തകർന്നുകൂടാത്ത കോട്ടകളായി കരുതപ്പെട്ടിരുന്ന ചെങ്കോട്ടകൾ തകർത്താണ് ഇവർ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇടതുപക്ഷം എന്ന നിർവചനം ഇന്ത്യയിൽ യഥാർത്ഥത്തിൽ ചേരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ്” എന്ന വാദത്തോടെയാണ് ജി.വി. ഹരി തന്റെ പ്രതികരണം അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *