വിലക്കയറ്റം ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസ് തള്ളി; ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച പുതിയ നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വിശദീകരണത്തെ തുടർന്നാണ് തീരുമാനം.
സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി സഭയിൽ സമ്മതിച്ചു. നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സർക്കാർ ശക്തമായ വിപണി ഇടപെടൽ നടത്തിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കേണ്ട പ്രധാന ഏജൻസിയായ സിവിൽ സപ്ലൈസ് കോർപ്പറേഷനെ സാമ്പത്തികമായി തളർത്തിയാണ് മുൻ ഇടത് സർക്കാർ അധികാരമൊഴിഞ്ഞതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷന് 3000 കോടി രൂപയുടെ കുടിശ്ശിക ബാധ്യത ബാക്കിവച്ചാണ് മുൻ സർക്കാർ പോയതെന്നും, ആ തുക ലഭ്യമാക്കിയാൽ മാത്രമേ സ്ഥാപനത്തിന് വിപണിയിൽ ഫലപ്രദമായി ഇടപെടാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് ധവളപത്രത്തിലൂടെ മറുപടി നൽകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
അതേസമയം, അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ.എൻ. ബാലഗോപാൽ, മുൻകാലത്ത് ഇന്ധനവില വർധനവിനെതിരെ പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ സംസ്ഥാന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇന്ധനവില വർധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനത്തിൽ ഇളവ് നൽകുന്നത് ജനങ്ങളോടുള്ള ബാധ്യതയാണെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായാണ് നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും മുൻ സർക്കാരിന്റെ ബാധ്യതകളും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചത്



