സിബിഎസ്‌ഇ പ്ലസ് ടു പുനർമൂല്യനിർണയ പോർട്ടൽ വീണ്ടും തുറന്നു; ജൂൺ 6 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായി. വിദ്യാർഥികൾക്ക് ഇന്ന് മുതൽ ജൂൺ 6 അർധരാത്രി വരെ അപേക്ഷ സമർപ്പിക്കാം.

ഒരു ചോദ്യത്തിന് 25 രൂപ വീതമാണ് പുനർമൂല്യനിർണയ ഫീസ്. സിബിഎസ്‌ഇയുടെ നിശ്ചിത പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

കഴിഞ്ഞ മാസം 19 മുതൽ സാങ്കേതിക തടസങ്ങൾ നേരിട്ട പോർട്ടൽ പൂർണമായും സജ്ജമാക്കിയതായി സിബിഎസ്‌ഇ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പുനർമൂല്യനിർണയ ഓപ്ഷൻ ലഭ്യമല്ലാതിരുന്നതും പിന്നീട് പോർട്ടലിലേക്ക് പ്രവേശിക്കാനാകാത്ത സാഹചര്യവും വിദ്യാർഥികളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ഉത്തരക്കടലാസുകളുടെ സ്കാനിംഗ് പ്രക്രിയയിൽ ഉണ്ടായ പിഴവുകൾ മൂലം നിരവധി വിദ്യാർഥികൾക്ക് അർഹമായ മാർക്ക് ലഭിച്ചില്ലെന്ന പരാതികളും ഉയർന്നിരുന്നു. ഇതോടെ പുനർമൂല്യനിർണയത്തിനായി അപേക്ഷ നൽകാൻ പോലും കഴിയാത്ത അവസ്ഥ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി.

ഐ.ഐ.ടി വിദഗ്ധരുടെയും സൈബർ സുരക്ഷാ വിദഗ്ധരുടെയും സഹായത്തോടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പോർട്ടൽ പൂർണമായി പ്രവർത്തനസജ്ജമാക്കിയെന്നാണ് സിബിഎസ്‌ഇയും കേന്ദ്രസർക്കാരും വ്യക്തമാക്കുന്നത്.

അതേസമയം, ഉത്തരക്കടലാസുകളുടെ ഓൺസ്‌ക്രീൻ മാർക്കിംഗ് (OSM) സ്കാനിംഗ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനായിരുന്നു നൽകിയിരുന്നത്. പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട സാങ്കേതിക വീഴ്ചകളെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button