ബിജെപി ചിഹ്നത്തിൽ വോട്ടിടാനാകുന്നില്ല, മെഷീനിൽ ടേപ്പ് ഒട്ടിച്ച ചിത്രങ്ങൾ പുറത്ത്

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടുകളുണ്ടായതായി പരാതി. വോട്ടെടുപ്പിന് മുമ്പ് വിവാദങ്ങൾ ഉയർന്ന ഫാൾട്ട നിയോജകമണ്ഡലത്തിലാണ് വോട്ടെടുപ്പ് ദിവസവും പരാതികളുയർന്നത്.

ഈ മണ്ഡലത്തിലെ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിൽ ബിജെപിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്താൻ കഴിയാത്ത വിധത്തിൽ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ബിജെപി സ്ഥാനാർത്ഥിയുടെ പേരിന് നേർക്കുള്ള ബട്ടൺ ടേപ്പ് ഉപയോഗിച്ച് മറച്ചുവച്ചതിന്റെ ദൃശ്യങ്ങളും ബിജെപി നേതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം.

പുറത്തുവന്ന ദൃശ്യത്തിലെ ഒരു വോട്ടിംഗ് യന്ത്രത്തിൽ ബിജെപി, സിപിഎം സ്ഥാനാർത്ഥികൾക്ക് നേരെയുള്ള ബട്ടൺ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ചനിലയിലാണ്.എന്നാൽ, ഈ സംഭവത്തിൽ ഇതുവരെ സിപിഎം പ്രതികരിച്ചിട്ടില്ല. വിവിധ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടത്തിയെന്നാണ് ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡയുടെ ആരോപണം.

ഇവിടെയെല്ലാം ബിജെപി ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുടെ ആരോപണത്തിൽ പരിശോധന നടത്തുന്നുണ്ടെന്നാണ് പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ഈ ബൂത്തുകളിൽ റീപോളിംഗ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ജഹാംഗീർ ഖാൻ ആണ് മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി. ശംഭു കുർമിയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. അബ്‌ദുൾ റജക്ക് മൊല്ലയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മൂന്ന് മണിവരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടിംഗ് ശതമാനം 78. 68 ശതമാനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *