വി ഡി സതീശനായി ചാനൽ സർവ്വേകൾ റെഡി, കോൺഗ്രസിലെ സി.എം പോരാട്ടം സൈബർ സ്പേസിൽ നിന്ന് ചാനൽ സർവേയിലേക്ക്

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ അണിയറ നീക്കങ്ങൾ ശക്തം
തിരുവനന്തപുരം:വി ഡി സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ “ELECTION VDS 2026” വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടന്ന സംഘടിത നീക്കങ്ങളുടെ തുടർച്ചയായി, ഇപ്പോൾ ചില പ്രമുഖ ദൃശ്യ മാധ്യമങ്ങളെയും ദേശീയ മാധ്യമങ്ങളെയും സ്വാധീനിച്ച് പുതിയ സർവേ നാടകത്തിന് അണിയറയിൽ തയ്യാറെടുപ്പ് നടക്കുന്നതായി സൂചന.
യുഡിഎഫിന് ജയസാധ്യത ഉറപ്പിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങൾക്ക് പിന്നാലെ, “മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുന്നു?” എന്ന സാങ്കൽപ്പിക ചോദ്യമുയർത്തി സർവേ റിപ്പോർട്ടുകൾ പുറത്തുവിടാനാണ് നീക്കം. അതിൽ വി ഡി സതീശനാണ് ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാവെന്ന ശതമാന കണക്കുകൾ ഉയർത്തിക്കാട്ടും.
മീഡിയ വൺ ഉൾപ്പെടെ മൂന്ന് പ്രമുഖ ചാനലുകളും ഒരു ദേശീയ മാധ്യമവും ഈ അണിയറ കളിയിൽ ഭാഗമാണെന്നാണ് ആരോപണം.കോൺഗ്രസിന്റെ പരമ്പരാഗത ശൈലി വ്യക്തമാണ് — തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്ററി പാർട്ടി യോഗത്തിൽ കൂടുതൽ പിന്തുണ ലഭിക്കുന്ന നേതാവിനെ ഹൈക്കമാൻഡ് അംഗീകാരത്തോടെ മുഖ്യമന്ത്രിയാക്കുക. അത് ഇന്നും അങ്ങനെ തന്നെയാണ്.ഒരു ഡി.സി.സി അധ്യക്ഷൻ പോലും ആകാതെ നേരിട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയ ഒരാളെ “സ്വാഭാവിക മുഖ്യമന്ത്രി മുഖം” ആയി നിർമ്മിക്കാൻ നടത്തുന്ന പി.ആർ രാഷ്ട്രീയത്തെ പ്രവർത്തകരും ജനങ്ങളും തിരിച്ചറിയും.
വി ഡി സതീശൻ തന്നെ മുൻപ് പറഞ്ഞതാണ് — “മുഖ്യമന്ത്രി സ്ഥാനാർഥിയായി എന്നെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഫലം എന്താകുമെന്ന് അറിയാം” എന്ന്.സൈബർ സ്പേസിലെ റോബോട്ടിക് ലൈക്കുകളും ഷെയറുകളും കൊണ്ട് സൃഷ്ടിക്കുന്ന CM 2026 സ്വപ്ന സിംഹാസനം യാഥാർത്ഥ്യമാകില്ല.ജനാധിപത്യം പി.ആർ വർക്കുകൾ കൊണ്ട് അല്ല, ജനപിന്തുണ കൊണ്ടാണ് തീരുമാനിക്കപ്പെടുന്നത്.



