ഇടുക്കിയിൽ വൻ നാശനഷ്‌ടം; മരം വീണ് പോസ്റ്റുകൾ തകർന്നു, കൃഷി നശിച്ചു

ഇടുക്കി: ശക്തമായ മഴയിലും കാറ്റിലും ഇടുക്കി ജില്ലയിൽ വൻ നാശനഷ്‌ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് നാശനഷ്‌ടങ്ങൾ ഉണ്ടായത്. മരം കടപുഴകി വീണ് ഇലക്‌ട്രിക് പോസ്റ്റുകൾ തകർന്നു. ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നുപോയി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് മുതൽ മേയ് മൂന്നുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി അറിയിപ്പുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. നാളെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മേയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മേയ് രണ്ടിന് ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്.



