വിജയ് സത്യപ്രതിജ്ഞ: വികാരഭരിതയായി തൃഷ; കണ്ണുനിറഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ചെന്നൈ: തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തെന്നിന്ത്യൻ താരം തൃഷയുടെ സാന്നിധ്യം ശ്രദ്ധേയമായി. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
സത്യപ്രതിജ്ഞയ്ക്കിടെ വികാരഭരിതയായ തൃഷയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതൽ പ്രചരിക്കുന്നത്. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തൃഷയുടെ കണ്ണുകൾ നിറയുന്നതും, നിറകണ്ണോടെ അദ്ദേഹത്തെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സന്തോഷം മറച്ചുവെച്ചെങ്കിലും പുഞ്ചിരിയോടെയാണ് അവർ സദസ്സിലിരുന്നത്. ഈ ദൃശ്യങ്ങളെ പിന്തുണച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ചടങ്ങിനിടെ മാധ്യമങ്ങൾക്ക് പ്രതികരിച്ച തൃഷ, “തമിഴ്നാടിന്റെ വമ്പൻ ദിനം” എന്നാണ് വിശേഷിപ്പിച്ചത്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നുമായിരുന്നു അവരുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയിനെ അഭിനന്ദിക്കാനായി തൃഷ അദ്ദേഹത്തിന്റെ വസതിയിലെത്തിയതും ശ്രദ്ധേയമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം പുലർച്ചെ തൃഷ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചതും വാർത്തയായി. ടിവികെ കൊടിയുടെ നിറത്തിലുള്ള ഷാൾ ധരിച്ചായിരുന്നു ക്ഷേത്ര സന്ദർശനം.
രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ഓൺ-സ്ക്രീൻ ജോഡികളിലൊന്നാണ് വിജയ്–തൃഷ കൂട്ടുകെട്ട്. 2004-ൽ പുറത്തിറങ്ങിയ ഗില്ലി മുതൽ തിരുപ്പാച്ചി, കുരുവി, ഒടുവിൽ ലിയോ വരെ ഇവരുടെ സിനിമകൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവയായി മാറിയിരുന്നു.



