തൂക്കുസഭ സാധ്യതയെന്ന് ടുഡെയ്‌സ് ചാണക്യ; LDF-UDF ഇഞ്ചോടിഞ്ച് പോരാട്ടം,NDA നിർണ്ണായക ശക്തിയാകാം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് ‘ടുഡെയ്‌സ് ചാണക്യ’ പുറത്തുവിട്ടിരിക്കുന്നത്. ഭരണകക്ഷിയായ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സർവേ പ്രകാരം യുഡിഎഫിന് 60 മുതൽ 78 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പ്രവചനം. അതേസമയം എൽഡിഎഫിന് 55 മുതൽ 73 സീറ്റുകൾ വരെ നേടാനാണ് സാധ്യത. ഇരു മുന്നണികളും വ്യക്തമായ ഭൂരിപക്ഷം നേടാതെ വന്നാൽ ഭരണനിർണ്ണയം സങ്കീർണ്ണമാകാനിടയുണ്ട്.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുമെന്നാണ് സർവേ സൂചന. 3 മുതൽ 11 സീറ്റുകൾ വരെ നേടാനാവുന്ന എൻഡിഎ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. മൊത്തം വോട്ട് വിഹിതത്തിൽ യുഡിഎഫിന് 40 ശതമാനവും എൽഡിഎഫിന് 38 ശതമാനവും എൻഡിഎയ്ക്ക് 20 ശതമാനവും ലഭിക്കാമെന്നും പ്രവചനം പറയുന്നു.
സമുദായ അടിസ്ഥാനത്തിലുള്ള വോട്ടിംഗ് പ്രവണതകളിലും മാറ്റങ്ങൾ കാണുന്നുവെന്നാണ് റിപ്പോർട്ട്. നായർ വോട്ടുകളിൽ 39 ശതമാനവുമായി ബിജെപി മുന്നിലെത്തുമ്പോൾ, ഈഴവ-എസ്.സി വിഭാഗങ്ങളിൽ എൽഡിഎഫ് മേൽക്കൈ നിലനിർത്തുന്നു. മുസ്ലിം വോട്ടുകളുടെ 62 ശതമാനവും ക്രിസ്ത്യൻ വോട്ടുകളുടെ 53 ശതമാനവും യുഡിഎഫിന് അനുകൂലമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഈഴവ വിഭാഗത്തിൽ ബിജെപിക്ക് 32 ശതമാനവും ക്രിസ്ത്യൻ വിഭാഗത്തിൽ 11 ശതമാനവും വോട്ട് ലഭിക്കാമെന്നും പ്രവചിക്കുന്നു.
അതേസമയം അസമിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ വിലയിരുത്തൽ. 126 സീറ്റുകളുള്ള അസം നിയമസഭയിൽ എൻഡിഎയ്ക്ക് 93 മുതൽ 111 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പ്രവചനം. കോൺഗ്രസ് സഖ്യം 14 മുതൽ 32 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും റിപ്പോർട്ട് പറയുന്നു. മെയ് 4-നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക.



