“ടൂറിസ്റ്റ് വിസയിൽ എത്തി മതപ്രചരണം: മൂന്ന് അമേരിക്കൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ്”

പൂനെ: ടൂറിസ്റ്റ് വിസയിലെത്തി മതം പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് അമേരിക്കൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ്. പൂനെ സിറ്റി പൊലീസ് ആണ് നോട്ടീസ് നൽകിയത്. 2026 മേയ് പത്താം തീയതിക്ക് മുൻപ് രാജ്യം വിടാനാണ് നിർദേശം. ഏപ്രിൽ 19നും 21നും ഇടയിലാണ് ഇവർ ഇന്ത്യയിലെത്തിയത്.

53, 56, 66 വയസ് പ്രായക്കാരാണ് ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയത്. വിവിധ ഭാഷകളിലുള്ള മതപ്രചാരണ ലഘുരേഖകൾ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. ഏപ്രിൽ 26 മുതൽ പിംപ്രി – ചിഞ്ച്വാഡയിലെ ഒരു ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഏപ്രിൽ 27ന് പൂനെയിലെ ശുക്രവാർ പേത്തിൽ ഒരു സ്വകാര്യ ടാക്‌സി ഡ്രൈവർക്ക് ഇവർ ലഘുരേഖകൾ നൽകിയതായി പൊലീസ് പറയുന്നു. ക്രിസ്‌തുമതമാണ് മറ്റുള്ളവയേക്കാൾ മികച്ചതെന്ന് ടാക്‌സി ഡ്രൈവറെ പറഞ്ഞുവിശ്വസിപ്പിക്കാനും ഇവർ ശ്രമിച്ചു.

തുടർന്ന് ഇയാൾ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിക്കുകയായിരുന്നു.അമേരിക്കൻ പൗരന്മാരെ കസ്റ്റഡിയിലെടുത്ത പൊലീസ് പാസ്‌പോർട്ടും വിസയും ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു. ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസ് നടത്തിയ അന്വേഷണത്തിൽ മൂവരും ടൂറിസ്റ്റ് വിസയുടെ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി. ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്ക് രാജ്യം വിടാനുള്ള നോട്ടീസ് നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *