നിമിഷപ്രിയയുടെ ജീവനിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മോചനത്തിനായി പുതിയ മദ്ധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മദ്ധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീം കോടതിയിൽ. സുവിശേഷകൻ കെ എ പോൾ ആണോ മദ്ധ്യസ്ഥനെന്ന് കോടതി ചോദിച്ചു. എന്നാൽ പോൾ അല്ലെന്നും പുതിയ ആളാണ് മദ്ധ്യസ്ഥനെന്നും കേന്ദ്രം വ്യക്തമാക്കി.

നിമിഷപ്രിയയുടെ ജീവനിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചർച്ചകൾ പുരോഗമിക്കുകയാണ്. നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിലാണെന്നും കേന്ദ്രം അറിയിച്ചു. കേസ് പരിഗണിക്കുന്നത് ജനുവരിയിലേയ്ക്ക് മാറ്റി. അതിനിടെ പുതിയ സംഭവങ്ങളുണ്ടായാൽ പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.നിമിഷപ്രിയയുടെ വധശിക്ഷ 2025 ഓഗസ്റ്റ് 24നോ 25നോ നടപ്പാക്കുമെന്ന് സുപ്രീംകോടതിയിൽ അറിയിച്ചതിലൂടെ വാർത്തകളിൽ ഇടംനേടിയ ആളാണ് കെ എ പോൾ. ഇതുസംബന്ധിച്ച വാ‌ർത്തകൾ നൽകുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഇക്കാര്യമറിയിച്ചത്.

നിമിഷപ്രിയയുടെ മോചനത്തിനായി പോൾ പണം പിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.2017 ജൂലായിൽ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് നിമിഷപ്രിയ യെമനിലെ ജയിലിൽ കഴിയുന്നത്. ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ് ആഭ്യന്തരയുദ്ധം കലുഷമായ യെമൻ തലസ്ഥാനമായ സന. ഇന്ത്യൻ എംബസി അയൽരാജ്യമായ ജിബൂട്ടിയിലാണ്.

തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി പോയത്. തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെട്ടതോടെ ഇരുവരും പങ്കാളികളായി ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. സമ്പാദ്യമെല്ലാം കൈമാറി. കൂടുതൽ പണം കണ്ടെത്താൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷപ്രിയ ഒറ്റയ്ക്കാണ് മടങ്ങിപ്പോയത്.

നിമിഷ ഭാര്യയാണെന്നാണ് തലാൽ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റും ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹവും നടത്തി. പാസ്‌പോർട്ട് തട്ടിയെടുക്കുകയും സ്വർണം വിൽക്കുകയും ചെയ്തു. പരാതി നൽകിയ നിമിഷപ്രിയയെ ക്രൂരമായി മർദ്ദിച്ചു. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിൽ പ്രതിരോധിച്ചപ്പോഴാണ് മഹ്ദി മരിച്ചതെന്നാണ് നിമിഷപ്രിയയുടെ മൊഴി

Related Articles

Leave a Reply

Your email address will not be published. Required fields are marked *