മുംബയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടാൻ സഞ്ജുവിനെ സഹായിച്ച പ്‌ളാൻ

മുംബയ്: വാങ്കഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ 103 റൺസിന്റെ വമ്പൻ വിജയമാണ് മുംബയ് ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. ഈ മത്സരത്തിൽ നിർണായകമായത് മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി നേടിയ ഇന്നിംഗ്‌സും ബൗളിംഗിൽ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ അക്കിൽ ഹൊസൈന്റെ പ്രകടനവുമാണ്. പുറത്താകാതെ 101 റൺസ് നേടിയ സഞ്ജു മത്സരത്തിൽ താൻ സ്വീകരിച്ച ബാറ്റിംഗ് രീതിയെക്കുറിച്ച് വ്യക്തമാക്കിയത് ഇങ്ങനെയാണ്.
ലളിതമായി കാര്യങ്ങൾ പറയാൻ ഞാൻ ശ്രമിക്കുകയാണ്. ഇന്നത്തേത് ഒരു സാധാരണ വാങ്കഡെ വിക്കറ്റ് ആയിരുന്നില്ല. പന്ത് പിച്ചിൽ പിടിച്ചുനിൽക്കുന്നതുപോലെയായിരുന്നു. അതുകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ വിലയിരുത്തുകയായിരുന്നു. ഞങ്ങൾക്ക് കുറച്ച് വിക്കറ്റുകൾ തുടർച്ചയായി നഷ്‌ടമായി. അതിനാൽ ഒരു സ്ഥിരതയുള്ള ബാറ്റർ തുടരേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതി.
അതിനാണ് ഞാനിന്ന് ശ്രമിച്ചത്. അതാണ് സംഭവിച്ചതും.’ സഞ്ജു പറഞ്ഞു.’ഇങ്ങനെ കളിക്കും ഇങ്ങനെയാണ് ഞാൻ ചെയ്യാൻ പോകുന്നത് എന്ന് മുൻകൂട്ടി ചിന്തിച്ച് ചെയ്യേണ്ട ആവശ്യമില്ല. എന്താണ് ചെയ്യേണ്ടതെന്ന് കളി നിങ്ങളോട് പറയും. കളിയുടെ സാഹചര്യവും ടീം നിങ്ങളിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നും മനസിലാക്കി ആസൂത്രണം ചെയ്യേണ്ടത് എന്റെ കടമയാണ്.
വിക്കറ്റുകൾ തുടരെ വീണില്ലായിരുന്നെങ്കിൽ ഞാനൽപം നേരത്തെ പുറത്താകുമായിരുന്നു. വിക്കറ്റുകൾ പോയതോടെ നല്ലരീതിയിൽ മത്സരം അവസാനിപ്പിക്കുന്നത് പ്രധാനമായി മാറി.’-മത്സരശേഷം ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സഞ്ജു.നിലവിൽ പരമ്പരയിലെ റൺവേട്ടയിൽ ഏഴ് മത്സരങ്ങളിൽ 293 റൺസുമായി മൂന്നാം സ്ഥാനത്താണ് താരം. 178.66 സ്‌ട്രൈക് റേറ്റിലാണിത്. ഏഴ് മത്സരങ്ങളിൽ 323 റൺസ് നേടിയ അഭിഷേക് ശർമ്മയാണ് നിലവിൽ ഓറഞ്ച് ക്യാപ് നേടിയ താരം.



