പാകിസ്ഥാനെ വിറപ്പിച്ച പ്രതിരോധ സംവിധാനത്തിലെ പുതു താരം, 400 കിലോമീറ്റർ ദൂരത്തെ ലക്ഷ്യം‌വരെ തകർത്ത് തരിപ്പണമാക്കും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ ഇന്ത്യയ്‌ക്കായത് റഷ്യൻ നിർമ്മിതമായ ഇന്ത്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനമുള്ളതുകൊണ്ടാണ്. സുദർശൻ ചക്ര എന്ന് പേരിട്ടിരിക്കുന്ന ഇത്‌ ഇന്ത്യയുടെ ലോംഗ് റേഞ്ച് എയർ ഡിഫൻസ് സംവിധാനമാണ്. റഷ്യ ഇന്ത്യയ്‌ക്ക് നൽകിയ എസ്-400 പോലെ സ്വന്തമായി ദീർഘ ദൂര മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യയും തയ്യാറാക്കുകയാണ്.

എക്‌സ്റ്റന്റഡ് റേഞ്ച് എയ‌‌ർ ഡിഫൻസ് സിസ്‌റ്റം-ഇആർഎഡിഎസ് അഥവാ പ്രോജക്‌ട് കുശ എന്ന് പേരിട്ടിരിക്കുന്നതാണ് ഈ സംവിധാനം. സ്റ്റെൽത്ത് എയർക്രാഫ്‌റ്റുകളിൽ നിന്നും ക്രൂയിസ് മിസൈലുകളിൽ നിന്നും ഒപ്പം ഹൈപ്പർസോണിക് ആയുധങ്ങളിൽ നിന്നുമുള്ള ഭീഷണികളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. വിദേശരാജ്യങ്ങളെ രാജ്യസുരക്ഷയിൽ ഏറെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും മിസൈൽ സാങ്കേതികവിദ്യയിൽ ലോകത്തെ മികച്ച രാജ്യങ്ങളിലൊന്നായി മാറുന്നതിനും ഇന്ത്യയെ പ്രാപ്‌തമാക്കാനാണ് ഈ തയ്യാറെടുപ്പ്.

രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രങ്ങളും, തന്ത്രപ്രധാനമായ കെട്ടിടങ്ങൾ, പൊതുജനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കാനാണ് എക്‌സ്റ്റന്റഡ് റേഞ്ച് എയ‌‌ർ ഡിഫൻസ് സിസ്‌റ്റം തയ്യാറാക്കുന്നത്. പ്രാഥമികമായി ഇത് വ്യോമസേനയ്‌ക്ക് വേണ്ടിയാണ് തയ്യാറാക്കുന്നത്. നാവികസേനയ്‌ക്കും ഇതിലൂടെ ഉപകാരമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിരോധ മന്ത്രി അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയ ഈ പദ്ധതി ഇപ്പോൾ അതിവേഗം വികാസത്തിന്റെയും പരീക്ഷണത്തിന്റെയും ഘട്ടത്തിലാണ്. 2028നും 2030നുമിടയിൽ സേനയുടെ ഭാഗമാകും ഇതെന്നാണ് കരുതപ്പെടുന്നത്.

400 കിലോമീറ്റർ ദൂരത്തെ ലക്ഷ്യങ്ങൾ വരെ പ്രതിരോധിക്കാൻ പ്രൊജക്‌ട് കുള മിസൈൽ പ്രതിരോധ സംവിധാനത്തിന് കഴിയും. സ്റ്റെൽത്ത് വിമാനങ്ങൾ, സ്വാം ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ ഹൈപ്പർസോണിക് ഗ്‌ളൈഡ് വെഹിക്കിളുകൾ എന്നിങ്ങനെ ആധുനിക കാലത്ത് ആക്രമണശേഷിയുള്ള സംവിധാനങ്ങൾ ആണവായുധ ശേഷിയുള്ള ഇന്ത്യൻ അയൽരാജ്യങ്ങളിൽ ധാരാളമുണ്ട്. ഇത്തരം ആധുനിക ആയുധങ്ങളെ പ്രതിരോധിക്കാൻ പ്രൊജക്‌ട് കുശ ഇന്ത്യയ്‌ക്ക് കൂടിയേ തീരൂ.വളരെ പെട്ടെന്നുതന്നെ പ്രതിരോധത്തിനായി തയ്യാറാക്കാവുന്നതും ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതുമാകും പ്രോജക്‌ട് കുശ. ത്രീ ടയർ ഇന്റർസെപ്‌റ്റർ സംവിധാനമാണ് കുശയിലുടെ തയ്യാറാകുന്നത്. വിവിധ ഘട്ടങ്ങളായുള്ള പ്രതിരോധം പ്രോജക്‌ട് കുശ വാഗ്‌ദാനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *