Indian National Congress ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത മന്ത്രിപ്പട്ടിക; കേരള കോൺഗ്രസിൽ പുതിയ പരീക്ഷണം, സതീശൻ ടീമിൽ കെ.സി സ്വാധീനം

തിരുവനന്തപുരം: അടിയന്തരാവസ്ഥയ്ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അട്ടിമറിക്കാണ് വി.ഡി. സതീശന്‍ മന്ത്രിസഭയുടെ രൂപീകരണം വഴിതുറന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി എ, ഐ ഗ്രൂപ്പുകളുടെ ലേബലില്‍ തിരുവനന്തപുരത്തും ഡല്‍ഹിയിലും നടന്നിരുന്ന വീതംവെപ്പുകളുടെ കെട്ടുപാടുകള്‍ പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞാണ് ഇത്തവണ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നിരിക്കുന്നത്. കെ.പി.സി.സി ആസ്ഥാനത്തെ അടച്ചിട്ട മുറികളിലോ മുതിര്‍ന്ന നേതാക്കളുടെ വസതികളിലോ അല്ല, മറിച്ച് എ.ഐ.സി.സി ആസ്ഥാനത്ത് ഹൈക്കമാന്‍ഡ് നേരിട്ടാണ് ഇത്തവണത്തെ ഭരണസിരകളുടെ ഭാവിയെഴുതിയത്. മുഖ്യമന്ത്രി കസേരയിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും, ഡല്‍ഹിയിലെ തന്റെ അധികാരക്കരുത്ത് ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ മന്ത്രിനിര്‍ണ്ണയത്തെ പൂര്‍ണ്ണമായും ഒരൊറ്റ കേന്ദ്രത്തിലേക്ക് ചുരുക്കാന്‍ കെ.സി. വേണുഗോപാലിന് കഴിഞ്ഞു എന്നതിന്റെ സാക്ഷ്യപത്രമാണ് പുതിയ വകുപ്പ് വിഭജനം.
പരമ്പരാഗത ഗ്രൂപ്പ് മാനേജര്‍മാരുടെ വിലപേശല്‍ ശേഷിയെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഹൈക്കമാന്‍ഡ് ഇത്തവണ കളത്തിലിറങ്ങിയത്. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഏറ്റവും നിര്‍ണായകമായ ആഭ്യന്തര, വിജിലന്‍സ് വകുപ്പുകള്‍ നല്‍കിയതും, കെ. മുരളീധരനെ വൈദ്യുതി മന്ത്രിയായി നിശ്ചയിച്ചതും ഏതെങ്കിലും പ്രാദേശിക സമവായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഹൈക്കമാന്‍ഡ് നേരിട്ടെഴുതിയ തിരക്കഥയുടെ ഭാഗമായാണ്. എന്നാല്‍ ഈ രണ്ട് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തെ മാറ്റിനിര്‍ത്തിയാല്‍, പ്രഖ്യാപിക്കപ്പെട്ട പതിനൊന്ന് അംഗ കോണ്‍ഗ്രസ് നിരയില്‍ ബാക്കി ഒന്‍പത് പേരും കെ.സി. വേണുഗോപാലിന്റെ കടുത്ത വിശ്വസ്തരാണ്. ഫലത്തില്‍, ഗ്രൂപ്പുകള്‍ ഇല്ലാതായി എന്ന് ബാഹ്യമായി തോന്നിപ്പിക്കുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ ഒരു ‘സമ്പൂര്‍ണ്ണ കെ.സി. ഗ്രൂപ്പ്’ മാത്രമായി അധികാരം കേന്ദ്രീകരിക്കപ്പെടുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയ വി.ഡി. സതീശനെ ‘അനുകൂലിക്കുന്നവര്‍’ എന്ന് വിളിക്കാന്‍ മന്ത്രിസഭയില്‍ ആകെക്കൂടിയുള്ളത് കെ. മുരളീധരന്‍ മാത്രമാണ്. എന്നാല്‍ മുരളീധരനാകട്ടെ തന്റെ രാഷ്ട്രീയ ചുവടുകളില്‍ സതീശന്‍ പക്ഷക്കാരനുമല്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വരുംനാളുകളില്‍ വരാനിരിക്കുന്ന കെ.പി.സി.സി പുനസംഘടനയിലടക്കം കെ.സി. പക്ഷം നേടാന്‍ പോകുന്ന ചോദ്യം ചെയ്യപ്പെടാത്ത മേധാവിത്വത്തിന്റെ കൃത്യമായ ദിശാസൂചികയാണ് ഈ മന്ത്രിപ്പട്ടിക.
വകുപ്പുകള്‍ വിഭജിച്ചപ്പോള്‍ പോലും ഡല്‍ഹിയിലെ പിടിവാശികള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് വഴങ്ങേണ്ടി വന്നു എന്നാണ് അണിയറ വര്‍ത്തമാനങ്ങള്‍ വ്യക്തമാക്കുന്നത്. കെ. മുരളീധരന്‍ ശക്തമായി ആഗ്രഹിച്ചിരുന്ന ആരോഗ്യവകുപ്പ്, കെ.സി. വേണുഗോപാലിന്റെ കടുത്ത ഇടപെടലുകളിലൂടെ അദ്ദേഹത്തിന്റെ അതിവിശ്വസ്തനായ എ.പി. അനില്‍കുമാറിലേക്ക് എത്തിച്ചേര്‍ന്നു. ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയോടെ ടി. സിദ്ദിഖ് വനംവകുപ്പിന്റെ അമരത്തെത്തുമ്പോള്‍, കന്നി അങ്കത്തില്‍ കൊടുങ്ങല്ലൂര്‍ പിടിച്ചടക്കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷിന് യുവജനക്ഷേമ വകുപ്പ് നല്‍കിയതും കെ.സിയുടെ കടുംപിടിത്തത്തിന്റെ ഫലമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫിന് റവന്യൂ വകുപ്പും, എം. ലിജുവിന് എക്‌സൈസ്-സഹകരണ വകുപ്പുകളും ലഭിച്ചപ്പോള്‍ പി.സി. വിഷ്ണുനാഥ് ടൂറിസം-സാംസ്‌കാരിക വകുപ്പുകളിലേക്ക് നിയോഗിക്കപ്പെട്ടു. കെ.സിയ്‌ക്കൊപ്പം ഉറച്ചുനിന്ന ബിന്ദു കൃഷ്ണയ്ക്ക് വനിതാ ശിശുക്ഷേമ വകുപ്പും ലഭിച്ചു.
ഈ പുതിയ അധികാര കേന്ദ്രീകരണത്തിനിടയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ ഭാവിയെക്കരുതി കളംമാറി സതീശന്‍ പക്ഷത്തേക്ക് ചേക്കേറിയ നേതാക്കള്‍ക്കാണ്. സതീശന്റെ കടുത്ത അനുയായിയായ ഷാനിമോള്‍ ഉസ്മാനെ മന്ത്രിസഭയില്‍ നിന്ന് എങ്ങനെയും അകറ്റി നിര്‍ത്തുക എന്നതായിരുന്നു വിരുദ്ധ ചേരിയുടെ പ്രധാന അജണ്ട. ഇതിനായി അവര്‍ തന്ത്രപരമായി കെ.എ. തുളസിയെ മുന്നോട്ട് വെയ്ക്കുകയായിരുന്നു. തുളസിയുടെ ഈ അപ്രതീക്ഷിത വരവോടെ ഐ.സി. ബാലകൃഷ്ണനും, ഗ്രൂപ്പ് മാറി സതീശന്‍ പാളയത്തിലെത്തിയ യുവനേതാവ് വി.ടി. ബല്‍റാമും അണിയറയിലേക്ക് വെട്ടിമാറ്റപ്പെട്ടു. നിര്‍ണായക ഘട്ടത്തില്‍ ബല്‍റാമിനെ കെ.സി. കൈവിട്ടത് കോണ്‍ഗ്രസിലെ കളംമാറ്റക്കാര്‍ക്കുള്ള കൃത്യമായ മുന്നറിയിപ്പാണ്. പാലക്കാടിന്റെ ലേബലില്‍ മന്ത്രിയാകാമെന്ന ബല്‍റാമിന്റെ മോഹം പൊലിഞ്ഞു.
ഷാനിമോള്‍ക്ക് ഒടുവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍, ഡല്‍ഹി ചര്‍ച്ചകളില്‍ കെ.സി.ക്ക് വേണ്ടി ശക്തമായി വാദിച്ച കോട്ടയത്തെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ പദവി ഉറപ്പിച്ചു. അതേസമയം സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുന്‍ സ്പീക്കര്‍ എന്‍. ശക്തനെ എല്ലാ അര്‍ത്ഥത്തിലും കെ.സി. വെട്ടിയൊതുക്കുകയും ചെയ്തു. യുവാക്കളില്‍ റോജി എം. ജോണിനെ മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും കെ.സിയുടെ തന്ത്രപരമായ നീക്കമായിരുന്നു.
പരമ്പരാഗത ഗ്രൂപ്പ് മാനേജര്‍മാരുടെ കൈകളില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഹൈക്കമാന്‍ഡും കെ.സി. വേണുഗോപാലും ഏറ്റെടുത്തു കഴിഞ്ഞു എന്നതിന്റെ വിളംബരമാണ് പുതിയ സതീശന്‍ മന്ത്രിസഭ. വരുംദിവസങ്ങളില്‍ ഈ പുതിയ സമവാക്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ എന്തൊക്കെയാകുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.



