പിണറായിക്കെതിരേ ‘നോ’ പറഞ്ഞ കരിവെള്ളൂരുകാരന്‍; ആരാണ് പിബിയിലെ ഈ ധീരന്‍? അധ്യാപക ജോലി വലിച്ചെറിഞ്ഞ കര്‍ഷകരുടെ തോഴന്‍ വിജു കൃഷ്ണന്‍

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ വിട്ടുവീഴ്ചയില്ലാത്ത കരുത്തിന്റെ പ്രതീകമായ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സൂര്യന് നേരെ ഡല്‍ഹിയിലെ എകെജി ഭവനില്‍ വിയോജിപ്പിന്റെ കരിങ്കൊടി ഉയര്‍ന്നപ്പോള്‍, അതിന് പിന്നില്‍ ഉറച്ച നിലപാടുമായി നിന്ന ഒരു മലയാളി മുഖമുണ്ട് വിജു കൃഷ്ണന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത ഘടകമായ പൊളിറ്റ്ബ്യൂറോയില്‍ (പിബി) പിണറായി വിജയന്‍ പ്രതിപക്ഷനേതാവാകുന്നതിനെ ഒണ്‍ലൈന്‍ യോഗത്തില്‍ എതിര്‍ത്ത് വോട്ട് ചെയ്ത ഏഴുപേരില്‍ ഒരാള്‍ ഈ 51-കാരനാണ്. വെറും മൂന്ന് വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ പിണറായി നിര്‍ണായക പദവിയിലേക്ക് എത്തുമ്പോള്‍, ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ വിയോജിപ്പിന്റെ സ്വരമുയര്‍ത്തിയ വിജു കൃഷ്ണന്‍ ആരാണെന്ന ചര്‍ച്ചകളിലാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം.

മധുര കോണ്‍ഗ്രസില്‍ വെച്ച് സിപിഎമ്മിന്റെ നയരൂപീകരണ സമിതിയായ പിബിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിജു കൃഷ്ണന്‍ വെറുമൊരു നേതാവല്ല; അഖിലേന്ത്യാ കിസാന്‍ സഭയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. കര്‍ഷക പോരാട്ടങ്ങള്‍ കൊണ്ട് ചുവന്ന മണ്ണില്‍ നിന്ന് എ.വി. കുഞ്ഞമ്പുവിന് ശേഷം സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന കരിവെള്ളൂരിന്റെ സ്വന്തം പോരാളി. അക്കാദമിക് മികവിന്റെ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴും, മണ്ണിന്റെ മക്കള്‍ക്കായി അധ്യാപക ജോലി രാജിവെച്ച് തെരുവിലിറങ്ങിയ വിപ്ലവകാരിയാണ് അദ്ദേഹം.

കണ്ണൂര്‍ കരിവെള്ളൂരിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലാണ് വിജു കൃഷ്ണന്റെ ജനനം. ബംഗളൂരുവില്‍ സൗത്ത് റീജനല്‍ സയന്റിസ്റ്റായിരുന്ന ഡോ. പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ്. കരിവെള്ളൂരിലെ ആദ്യത്തെപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന പൊട്ടക്കുളത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ വിജുവിന്റെ അമ്മാവനാണ്. സ്വാതന്ത്ര്യസമരകാലത്ത് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സുബ്രഹ്‌മണ്യ ഷേണായി 52 ദിവസം ഒളിവില്‍ കഴിഞ്ഞത് വിജുവിന്റെ അച്ഛന്റെ തറവാട്ടുവീട്ടിലായിരുന്നു.

മറുവശത്ത്, അമ്മൂമ്മ വി. കുഞ്ഞിമാണിക്കം ടീച്ചര്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു. സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരാന്‍ മടിച്ച കാലത്ത് മഹിളാസമാജങ്ങളിലൂടെ അവരെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവന്ന തന്റേടിയായ സ്ത്രീ. മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ ‘എ.കെ.ജിയെ പോലെയാകണം’ എന്നായിരുന്നു അമ്മൂമ്മ വിജുവിന് നല്‍കിയ ഉപദേശം. ചെറുപ്പത്തില്‍ അപ്പൂപ്പന്‍ സി.എ. കുഞ്ഞിരാമന്‍ എകെജിയെ ചെറുവത്തൂരില്‍ കൊണ്ടുവന്ന് കര്‍ഷകസംഘം രൂപീകരിച്ച കഥകള്‍ കേട്ടാണ് വിജു വളര്‍ന്നത്.

ജെഎന്‍യു പഠനകാലത്ത് പരിചയപ്പെട്ട തെലങ്കാന സ്വദേശി ഡോ. സമതയാണ് വിജു കൃഷ്ണന്റെ ഭാര്യ. മകള്‍: റിയ. കരിവെള്ളൂരും കയ്യൂരും ഉയര്‍ത്തിയ പോരാട്ടവീര്യമാണ് തന്റെ ഇന്ധനമെന്ന് വിജു കൃഷ്ണന്‍ എപ്പോഴും പറയാറുണ്ട്. പാര്‍ട്ടിയിലെ യുവരക്തങ്ങള്‍ക്ക് ദേശീയ നേതൃത്വത്തിലേക്ക് വഴിതുറന്നതിന്റെ ഭാഗമായാണ് അദ്ദേഹം പിബിയില്‍ എത്തിയത്.

കേരളത്തിലെ പാര്‍ട്ടിയില്‍ പിണറായി വിജയന്‍ എന്ന അച്ചുതണ്ടിന് ചുറ്റും കാര്യങ്ങള്‍ നീങ്ങുമ്പോള്‍, ഡല്‍ഹിയിലെ പാര്‍ട്ടി വേദിയില്‍ വിയോജിപ്പിന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി വിജു കൃഷ്ണന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പിണറായിയുടെ നേതൃത്വത്തോടുള്ള ഈ എതിര്‍പ്പ് വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ ആഭ്യന്തര ചര്‍ച്ചകളില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്. വിട്ടുവീഴ്ചയില്ലാത്ത കര്‍ഷക പോരാട്ടങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ വിജു കൃഷ്ണന്‍, ഇനി സിപിഎമ്മിന്റെ രാഷ്ട്രീയ നയരൂപീകരണത്തിലും നിര്‍ണായക ശക്തിയായി മാറും.

കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ ഡോക്ടറേറ്റുള്ള (പിഎച്ച്.ഡി) വിജു കൃഷ്ണന്‍, ബംഗളൂരുവിലെ പ്രശസ്തമായ സെന്റ് ജോസഫ്സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായി സേവനമനുഷ്ഠിച്ചിരുന്ന ആളാണ്. എന്നാല്‍, ക്ലാസ് മുറികളിലെ സിദ്ധാന്തങ്ങളേക്കാള്‍ തെരുവിലെ കര്‍ഷകന്റെ വിയര്‍പ്പിനാണ് വിലയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആ പദവി രാജിവെച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഒരിക്കല്‍ ഡല്‍ഹിയിലെ പാര്‍ട്ടി പരിപാടിക്കിടെ വിജുവിനെ പരിചയപ്പെട്ടപ്പോള്‍ ‘മുഴുവന്‍ സമയവും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വിജുവിനെ വിട്ടുതരണം’ എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു. ആ വാക്കുകള്‍ പിന്നീട് വിജുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

ജെഎന്‍യുവിലെ (ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല) തീപ്പൊരി സമരങ്ങളിലൂടെയാണ് വിജു കൃഷ്ണന്‍ എന്ന നേതാവ് പാകപ്പെടുന്നത്. 1995-ല്‍ ജെഎന്‍യുവിലെത്തിയ അദ്ദേഹം 1996-ല്‍ എസ്എഫ്‌ഐയിലൂടെ സജീവമായി. പിന്നീട് ജെഎന്‍യു എസ്എഫ്‌ഐ സെക്രട്ടറിയായും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പൊളിറ്റിക്കല്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എംഎയും സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ എംഫിലും നേടിയ ശേഷമാണ് അദ്ദേഹം ഗവേഷണത്തിലേക്ക് തിരിഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേയും കരിനിയമങ്ങള്‍ക്കെതിരേയും ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ വിജു കൃഷ്ണന്‍ ഉണ്ടായിരുന്നു. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് പതിനായിരക്കണക്കിന് കര്‍ഷകരെ അണിനിരത്തി നടത്തിയ ചരിത്രപ്രസിദ്ധമായ ‘മഹാരാഷ്ട്ര ലോങ് മാര്‍ച്ച്’ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. പിന്നീട് ഡല്‍ഹി അതിര്‍ത്തികളെ മാസങ്ങളോളം ഉപരോധിച്ച ഐതിഹാസികമായ കര്‍ഷക സമരത്തിലും തുടക്കം മുതല്‍ ഒടുക്കം വരെ തന്ത്രങ്ങള്‍ മെനഞ്ഞ് നേതൃനിരയില്‍ വിജു കൃഷ്ണന്‍ ഉണ്ടായിരുന്നു.

ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, മലയാളം ഉള്‍പ്പെടെ പത്തോളം ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുമെന്നത് ദേശീയതലത്തില്‍ കര്‍ഷകരെ ഒന്നിപ്പിക്കുന്നതില്‍ വിജുവിന് വലിയ തുണയായി. വെറുമൊരു സമര നേതാവ് എന്നതിനപ്പുറം കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ സഹിതം വിശകലനം ചെയ്യാന്‍ കഴിയുന്ന പ്രതിഭ കൂടിയാണ് അദ്ദേഹം. മികച്ചൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഈ 51-കാരന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button