കരുതലിന്റെ ഉറവിടം തദ്ദേശ വകുപ്പ്’; ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് കെ.എസ്. ശബരിനാഥൻ

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിനെതിരെ കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥൻ. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ആർ. സുഗതന് അനുകൂലമായി ഉത്തരവിറക്കിയതെന്നും ഇതിന് പിന്നിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ ആരോപിച്ചു.
തിരുവനന്തപുരം നഗരസഭയിൽ വാഴോട്ടുകോണം വാർഡ് കൗൺസിലറുടെ അവധിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് മേയർ വായിച്ചപ്പോൾ തങ്ങൾ അമ്പരന്നുവെന്ന് ശബരിനാഥൻ പറഞ്ഞു. തുടർന്ന് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടപ്പോഴാണ് വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഇത്രയും വിവാദമായ വിഷയത്തിൽ ആഭ്യന്തര മന്ത്രിയുടെ ഓഫീസ് പോലും അറിയാതെയാണ് വകുപ്പിലെ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചതെന്ന് ശബരിനാഥൻ ആരോപിച്ചു. നിയമത്തിന്റെയും യുക്തിയുടെയും എല്ലാ പരിധികളും ലംഘിച്ചാണ് ഉത്തരവിറക്കിയതെന്നും ആരുടെ താൽപര്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആഭ്യന്തര മന്ത്രി അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും ശബരിനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, ഈ ഫയലിന്റെ “കരുതലിന്റെ ഉറവിടം തദ്ദേശസ്വയംഭരണ വകുപ്പിലാണ്” എന്ന സൂചന തനിക്ക് ലഭിച്ചതായും അദ്ദേഹം ആരോപിച്ചു. ഭരണം മാറിയിട്ടും ചില ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ഫയലുകളിൽ ഇഷ്ടാനുസരണം കാര്യങ്ങൾ രേഖപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന തെറ്റുകൾക്കെതിരെ യുഡിഎഫ് കൗൺസിലർമാരുടെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ശബരിനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.



