ബംഗാളിൽ സ്ട്രോംഗ് റൂം വിവാദം: ഇ.വി.എം കൃത്രിമം ആരോപിച്ച് തൃണമൂൽ; ആരോപണം തള്ളി ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും

കൊൽക്കത്ത : പശ്ചിമബംഗാളിൽ ബി.ജെ.പി തരംഗമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കൊൽക്കത്തയിൽ ഇ.വി.എം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ ഖുദിറാം അനുശീലൻ കേന്ദ്രയിലുള്ള സ്ട്രോംഗ് റൂമിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് തൃണമൂൽ നേതാക്കളായ കുനാൽ ഘോഷിന്റെയും ശശി പാഞ്ചയുടെയും നേതൃത്വത്തിൽ ധർണ ആരംഭിച്ചു.
സ്ട്രോംഗ് റൂമിന് പുറത്ത് നിലയുറപ്പിച്ചിരുന്ന തൃണമൂൽ പ്രവർത്തകരോട് ഉച്ചയോടെ പുറത്തുപോകാൻ ആവശ്യപ്പെടുകയും സ്ട്രോംഗ് റൂം തുറന്ന് ബി.ജെ.പി പ്രവർത്തകരെ മാത്രം അകത്ത് കയറ്റിയെന്നുമാണ് തൃണമൂലിന്റെ ആരോപണം. സ്ട്രോംഗ് റൂമിിനുള്ളിൽ എന്തൊക്കെയോ പ്രവർത്തനം നടന്നതായി സിസിടിവിയിൽ കണ്ടു. ബാലറ്റ് പേപ്പറുകൾ അകത്തേക്ക് മാറ്റുന്നു. പോസ്റ്റൽ ബാലറ്റുകൾ പ്രോസസ് ചെയ്യുകയാണെങ്കിൽ അവ എവിടെ നിന്ന് വന്നു, എന്തുകൊണ്ടാണ് ഞങ്ങളെ അറിയിക്കാത്തതെന്നും കുനാൽ ഘോഷ് ചോദിച്ചു.
അതേസമയം തൃണമൂലിന്റെ ആരോപണം ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തള്ളി. തോൽവി ഭയന്ന് തൃണമൂൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് തപസ് റോയ് പറഞ്ഞു. സ്ട്രോംഗ് റൂം പരിശോധിക്കാൻ താനും അവിടെ വന്നിരുന്നുവെന്നും തൃണമൂലിന്റേത് നുണ പ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു. ഖുദിറാം അനുശീലൻ കേന്ദ്രയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമുകൾ സുരക്ഷിതമായി സീൽ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.


