മോദിക്ക് സ്റ്റാലിന്റെ ‘ഫൈനൽ വാണിങ്’; മണ്ഡല പുനർനിർണയ നീക്കത്തിൽ രാജ്യം കാണാത്ത പ്രക്ഷോഭമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നൽകി. ഇത് തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാനുള്ള നീക്കം സർവ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. 1950-കളിലും 60-കളിലും ഡിഎംകെ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങൾ ഇന്ത്യ വീണ്ടും കാണേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, ദ്രാവിഡ പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്ന നിലയിലാണ് താൻ ഈ വെല്ലുവിളി ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാടിന്റെ സ്വാഭിമാനത്തെ തൊട്ടാൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങുമെന്ന് സ്റ്റാലിൻ ആഞ്ഞടിച്ചു. ഡൽഹിയിൽ ഇരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാമെന്ന് ആരും കരുതേണ്ട. ഇതിനെ ഒരു വിരട്ടലായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അതിൽ തനിക്ക് പ്രശ്നമില്ലെന്നും സ്വാഭിമാനമാണ് തമിഴ് ജനതയ്ക്ക് ഏറ്റവും വലുതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല പുനർനിർണയം നടപ്പിലാക്കുമ്പോൾ ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച മാതൃക കാണിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ സീറ്റുകൾ കുറയുകയും വടക്കൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ വർദ്ധിക്കുകയും ചെയ്യുന്നത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്കാണ് വഴിതുറക്കുന്നത്. ഇതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകാനാണ് സ്റ്റാലിന്റെ നീക്കം.



