മൃതദേഹം മറച്ചുവെച്ച് പൂജ നടത്തിയ മകൻ; വീട്ടിലെത്തിയ ചെറുമകൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച് പൂജ നടത്തി മകൻ. ആർപിഎൽ എസ്റ്രേറ്ര് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ്പയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്നുദിവസത്തോളം സൂക്ഷിച്ചുവച്ച് പൂജ നടത്തിയത്. ദീർഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയെ ശുശ്രൂഷിച്ചിരുന്നത് കൃഷ്ണസ്വാമിയായിരുന്നു. വീട്ടിൽ ഇരുവരും മാത്രമായിരുന്നു താമസം.
കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നത്താമ്പ മരിച്ചത്. കൃഷ്ണസ്വാമി മരണവിവരം മറ്റാരെയും അറിയിക്കാതെ മൃതദേഹം വെള്ളത്തുണികൊണ്ട് മൂടി ഭസ്മവും ചന്ദനവും ചാർത്തി വിളക്ക് കൊളുത്തി പൂജ നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് മുത്തശ്ശിയുടെ മരണവിവരം പുറത്തറിയുന്നത്. തുടർന്ന് വാർഡ് മെമ്പറെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്ര്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ കൃഷ്ണസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഇയാൾക്ക് മാനസികപ്രശ്നമുണ്ടെന്നാണ് വിവരം. നേരത്തെ ആരോഗ്യപ്രവർത്തകർ വീട്ടിൽ വരുമ്പോൾ ഇയാൾ അവരെ വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ സമ്മതിയ്ക്കാതെ തടയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അമ്മയുടെ മരണം അംഗീകരിക്കാൻ കഴിയാത്തതിനാലാകാം കൃഷ്ണസ്വാമി ഇങ്ങനെ ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്.



