അഞ്ച് മന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീഗ്; നാളെ അന്തിമ തീരുമാനം

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലിം ലീഗ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ കോൺഗ്രസ് നേതൃത്വവുമായി നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ലീഗ് തങ്ങളുടെ നിലപാട് ആവർത്തിച്ചത്.
അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
മുന്നണിയിലെ എല്ലാ ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായ ശേഷം മാത്രമേ യുഡിഎഫ് അന്തിമ തീരുമാനം അറിയിക്കൂവെന്നും നാളെയും ചർച്ചകൾ തുടരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം ചേർന്നായിരിക്കും എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് നേതൃയോഗത്തിൽ മന്ത്രിസ്ഥാനത്തിനായി പ്രധാനമായി പരിഗണിക്കുന്നവരുടെ പട്ടികയും പുറത്തുവന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരുടെ പേരുകളാണ് മുൻനിരയിൽ.
പ്രമുഖ നേതാവ് പി.കെ. ബഷീർ ഇത്തവണ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫ്നെ അവസാന നിമിഷം പരിഗണിച്ചേക്കുമെന്ന സൂചനയും നിലനിൽക്കുന്നു.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ലീഗ്-കോൺഗ്രസ് ചർച്ചകൾ ഇനിയും തുടരുമെന്നതിനാൽ അന്തിമ ചിത്രം നാളെയോടെ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.



