ഉച്ചഭക്ഷണത്തിൽ പാമ്പിന്റെ കുഞ്ഞ്; 200ലേറെ വിദ്യാർത്ഥികൾ ആശുപത്രിയിൽ

പാറ്റ്ന: ബീഹാറിലെ സഹസ്ര ജില്ലയിൽ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ബൽവാഹ മിഡിൽ സ്കൂളിലായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് പിന്നാലെ വയറുവേദന, ഛർദ്ദി, തലചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചില കുട്ടികൾ സ്കൂളിൽ ബോധരഹിതരായതായും റിപ്പോർട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയതോടെ വലിയ ആശങ്കയുണ്ടായി. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളിലൊന്നിലാണ് പാമ്പിനെ കണ്ടെത്തിയതെന്നാണ് വിവരം. സ്കൂളിലുണ്ടായിരുന്ന 545 വിദ്യാർത്ഥികളിൽ ഏകദേശം 200 പേർ പാമ്പിനെ കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഭക്ഷണം കഴിച്ചിരുന്നു. ഇവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
അൻപതോളം കുട്ടികളെ മഹിഷി പബ്ലിക് ഹെൽത്ത് സെന്ററിലും ശേഷിക്കുന്നവരെ സദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രകോപിതരായ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. എൻജിഒ തയ്യാറാക്കി നൽകിയ ഭക്ഷണമാണ് സ്കൂളിൽ വിതരണം ചെയ്തിരുന്നത്. സംഭവത്തിൽ ബീഹാർ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ മജിസ്ട്രേറ്റ് ദീപേശ് കുമാർ സ്കൂൾ സന്ദർശിച്ച് ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
സ്കൂൾ അധികൃതരുടേയും ഭക്ഷണം വിതരണം ചെയ്ത ഏജൻസിയുടേയും ഭാഗത്തുണ്ടായ വീഴ്ച അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.



