സ്ത്രീസുരക്ഷയ്ക്ക് ‘സിങ്കപ്പെൺ’ ദൗത്യസേന; വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പ്രത്യേക ദൗത്യസേനയായ ‘സിങ്കപ്പെൺ’ (Singappen) ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു.

സേനയ്ക്കായി പ്രത്യേകമായി സജ്ജമാക്കിയ വാഹനങ്ങൾ സ്വയം ഓടിച്ചെത്തിയാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ചടങ്ങിൽ സിങ്കപ്പെൺ സേനയുടെ ഔദ്യോഗിക ലോഗോയും പ്രകാശനം ചെയ്തു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സേനയിലേക്ക് ഉടൻ 2500 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ചെറുക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ സർക്കാർ ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായതെന്ന് ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി വിമർശിച്ചു. വിജയ്‌യുടെ അമ്മയും ചടങ്ങിൽ സന്നിഹിതയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രശംസിച്ച് അൻപുമണി രാമദാസ് രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോൾ തന്നെ സംസ്ഥാനത്ത് അഴിമതി ഗണ്യമായി കുറഞ്ഞതായി അൻപുമണി രാമദാസ് അഭിപ്രായപ്പെട്ടു. കൂടാതെ, തമിഴ്നാട്ടിൽ ജാതി സെൻസസ് നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അനുകൂല ഉറപ്പ് നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി.

സ്ത്രീസുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ഭരണപരിഷ്കാരങ്ങൾ എന്നിവ മുൻനിർത്തിയുള്ള സർക്കാരിന്റെ പുതിയ നീക്കങ്ങൾ തമിഴ്നാട്ടിലെ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button