കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കുള്ള അതൃപ്തി

തിരുവനന്തപുരം : കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കുള്ള അതൃപ്തി പരസ്യമാകുന്നു. കെപിസിസി നടത്തുന്ന ശബരിമല വിശ്വസ സംരക്ഷണ ജാഥ സമാപനത്തിന് ക്യാപ്റ്റൻമാരിൽ ഒരാളായ കെ മുരളീധരൻ പങ്കെടുക്കില്ല. മുരളീധരൻ, ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുപോകും. നാല് ജാഥാ ക്യാപ്റ്റൻമാരിൽ ഒരാളായ കെ മുരളീധരൻ സമാപനത്തിൽ പങ്കെടുക്കാതിരിക്കുന്നത് കോൺഗ്രസിന് ക്ഷീണമാകും.
ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ അനുനയ നീക്കം നേതാക്കൾ തുടരുകയാണ്. നാല് ജാഥകളിൽ ഒന്നിന്റെ ക്യാപ്റ്റനാണ് കെ മുരളിധരൻ. കാസർകോട് നിന്ന് തുടങ്ങിയ ജാഥയുടെ ക്യാപ്റ്റൻ ആയിരുന്നു മുരളീധരൻ. ഇന്നലെ ജാഥ ചെങ്ങന്നൂർ എത്തിയതിന് പിന്നാലെയാണ് മുരളീധരൻ ഗുരുവായൂരിലേക്ക് മടങ്ങിയത്. കെപിസിസി പുനസംഘടനയിൽ അതൃപ്തി തുടരുന്നതിനിടെയാണ് മുരളീധരൻ വിട്ടുനിൽക്കുന്നത്.
അതേ സമയം, കെപിസിസി പുനസംഘടനയിൽ പരിഹാസവുമായി കെ സുധാകരനും രംഗത്തെത്തി. പുനസംഘടനയിൽ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുൻപ് ഉണ്ടായിട്ടില്ലെന്നുമായിരുന്നു സുധാകരന്റെ പരിഹാസം. വിഷയത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.



