തിരച്ചിൽ 14-ാം ദിവസവും; മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായി വ്യാപക പരിശോധന

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പതിനാലാം ദിവസവും തുടരും. പൂവാർ, പൊഴിയൂർ, കൊല്ലംകോട് തീരപ്രദേശങ്ങൾക്കുപുറമെ കന്യാകുമാരി, കൊച്ചി പുറംകടൽ മേഖലകളിലും ഇന്ന് വ്യാപക പരിശോധന നടത്തും.
ഹെലികോപ്റ്ററുകൾ, കപ്പലുകൾ, മത്സ്യബന്ധന വള്ളങ്ങൾ എന്നിവ ഉപയോഗിച്ചായിരിക്കും തിരച്ചിൽ. മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
മുതലപ്പൊഴിയിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായി കോസ്റ്റൽ പൊലീസിന്റെ റെസ്ക്യൂ ബോട്ടും ഫിഷറീസ് വകുപ്പിന്റെ വള്ളങ്ങളും ഉപയോഗിച്ച് കഴിഞ്ഞ ദിവസവും തിരച്ചിൽ നടത്തിയിരുന്നു. വിഴിഞ്ഞത്ത് കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിനായി കൊച്ചിയിൽ നിന്നും തൂത്തുക്കുടിയിൽ നിന്നുമെത്തിയ കപ്പലുകളും തിരച്ചിൽ തുടരുകയാണ്.
അതേസമയം, മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി പ്രവീണിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. താഴംപള്ളി ലേലഹാളിന് സമീപത്തെ കായലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അഴിമുഖം കടന്ന് കായലിൽ പ്രവേശിക്കുമ്പോൾ അപസ്മാരം ഉണ്ടായതിനെ തുടർന്ന് കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
ഷിജിനെയും ജോൺ മത്യാസിനെയും കണ്ടെത്തുന്നതിനായി സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഷിജിനായുള്ള തിരച്ചിൽ കൂടുതൽ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്.
അപകടസമയത്ത് കടലിലെ ഒഴുക്ക് തെക്ക് ദിശയിലായിരുന്നതിനാൽ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളിലും മുങ്ങൽവിദഗ്ധരുടെ നേതൃത്വത്തിൽ വ്യോമ-ജല മാർഗങ്ങളിലൂടെ പരിശോധന നടത്തിയിരുന്നു. ബന്ധുക്കൾ സ്വന്തം നിലയിൽ സ്കൂബ ഡൈവിങ് സംഘത്തെ എത്തിച്ച് തിരച്ചിൽ നടത്താൻ ശ്രമിച്ചപ്പോൾ വിവിധ രേഖകളിൽ ഒപ്പിടേണ്ടി വന്നതായും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്.



