ഓഗസ്റ്റ് 18 മുതൽ വിഴിഞ്ഞത്ത് ചരക്ക് നീക്കം; മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഓഗസ്റ്റ് 18 മുതൽ എക്‌സ്‌പോർട്ട്–ഇംപോർട്ട് ചരക്ക് നീക്കത്തിന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്‌ഷിപ്പ്‌മെന്റ് പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നത്. ഇതിൽ ഏകദേശം 60 ശതമാനം കണ്ടെയ്‌നറുകളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവയാണ്. എക്‌സ്‌പോർട്ട്–ഇംപോർട്ട് ചരക്ക് നീക്കം ആരംഭിക്കുന്നത് തുറമുഖത്തിന്റെ ഗുണഫലങ്ങൾ കേരളത്തിന് നേരിട്ട് ലഭിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചരക്ക് നീക്കത്തിന് ആവശ്യമായ പബ്ലിക് നോട്ടീസുകൾ കസ്റ്റംസ് കമ്മീഷണറേറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. തുറമുഖ റോഡിൽ നിന്ന് ദേശീയപാതയിലേക്ക് താൽക്കാലിക റോഡ് സംവിധാനവും പൂർത്തിയാക്കി.

തിരുവനന്തപുരം നഗരത്തിൽ നിലവിൽ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ (സി.എഫ്.എസ്) ലഭ്യമല്ലാത്ത സാഹചര്യത്തിൽ തുറമുഖത്തിനകത്ത് തന്നെ കസ്റ്റംസ് ബോണ്ടഡ് ഏരിയ സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അധികമായി അനുവദിക്കുക.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പി.എം.എ.വൈ–നഗരം 2 പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025–26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button