സതീശൻ ആർ.എസ്.എസിന് പൂർണമായും കീഴടങ്ങി; രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ആർ.എസ്.എസിന് പൂർണമായും കീഴടങ്ങിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ദേശീയഗാനമോ വന്ദേമാതരമോ മുഴുവൻ ആലപിച്ചില്ലെങ്കിൽ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമാണെന്നും ഗോവിന്ദൻ പറഞ്ഞു. ആലാപനം തടസ്സപ്പെടുത്തിയാൽ മാത്രമാണ് നിയമപ്രകാരം ശിക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ പ്രസ്ഥാന കാലത്ത് തന്നെ വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം ആലപിച്ചാൽ മതിയെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നുവെന്നും ആ നിലപാട് ലംഘിച്ചാണ് സതീശൻ മറ്റുള്ളവരെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
കേന്ദ്ര നിർദേശം നടപ്പാക്കുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നയം നടപ്പാക്കേണ്ടത് ഫെഡറൽ സംവിധാനത്തിൽ ചീഫ് സെക്രട്ടറിയുടെ ചുമതലയാണോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, എം.ഡി.എം.എ കേസിൽ പിടിയിലായ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. പ്രതിയായ മുഹമ്മദ് ഹുസൈൻ കഴിഞ്ഞ അഞ്ച് വർഷമായി സതീശന്റെ സോഷ്യൽ മീഡിയ ടീമിന്റെ ഭാഗമായിരുന്നുവെന്നും ഏഴ് ജില്ലകളിലെ എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാതിരിക്കാൻ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സ് പെരുമ്പാവൂരിലെത്തുന്നതിന് മുൻപുതന്നെ മുഹമ്മദ് ഹുസൈൻ സതീശനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നുവെന്നും, പ്രതിയെ മൂന്നോ നാലോ തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്നും ഗോവിന്ദൻ ആരോപിച്ചു.
സോഷ്യൽ മീഡിയയിലെ നിയന്ത്രണങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വാർത്തകൾ മാത്രം എങ്ങനെ തടയപ്പെടുന്നുവെന്നും ഗോവിന്ദൻ ചോദിച്ചു.
രത്തൻ ഖേൽക്കറുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് അഭിമുഖം മാറ്റിയതെന്നും, ഐ.ടി സെക്രട്ടറിയായിരുന്ന ഖേൽക്കറിന് മെറ്റയുമായി ബന്ധമില്ലെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
എൽ.ഡി.എഫ് യോഗവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ കാര്യങ്ങളും ചർച്ച ചെയ്താണ് മുന്നോട്ടുപോകുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഡൽഹി സമരത്തിന് പോകാൻ സി.പി.ഐ ബുക്ക് ചെയ്തിരുന്ന ട്രെയിൻ റദ്ദാക്കിയത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.



