സഞ്ജുവിനെ ഒഴിവാക്കിയത് വിവാദത്തിൽ; ടീം സെലക്ഷനെതിരെ മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനം

മാ‌ഞ്ചസ്റ്റ‌ർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 യിൽ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. അതേസമയം വൈഭവ് ടീമിലെത്തിയതിൽ സന്തോഷമുണ്ടെന്നും മഞ്ജരേക്കർ എ‌ക്‌സിൽ കുറിച്ചു.

വൈഭവിനെ ഇന്ത്യൻ ജഴ്സിയിൽ കാണുന്നതിൽ സന്തോഷം. അപ്പോൾ സഞ്ജുവിന്റെ കാര്യമോ! പുറത്താക്കിയോ നിങ്ങളെന്താ ആളെ കളിയാക്കുകയാണോ ഞാൻ കരുതുന്നത് അദ്ദേഹത്തിന് പരിക്കേറ്റതാകുമെന്നാണ്. അതൊരു പരിക്കാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. അല്ലെങ്കിൽ ഇത് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ ടീം സെലക്ഷനാണ്.

വൈഭവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നുണ്ടായിരുന്നെങ്കിൽ സഞ്ജുവിന് മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യാമായിരുന്നല്ലോ.’- മഞ്ജരേക്കർ എക്സിൽ കുറിച്ചു.അടുത്തിടെ ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്‌കാരം നേടുകയും ചെയ്ത താരമാണ് സഞ്ജു സാംസൺ. ലോകകപ്പിന് ശേഷം കളിച്ച മൂന്ന് ഇന്നിംഗ്സുകളിൽ (5, 0, 1) റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമിലെ പ്ലേയിംഗ് ഇലവനിൽ നിന്നും ഒഴിവാക്കിയത്.

അതേസമയം, മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായുഡുവും മലയാളി താരത്തിന് പിന്തുണയുമായി രംഗത്തെത്തി. വൈഭവിന്റെ അരങ്ങേറ്റം ആഘോഷിക്കപ്പെടേണ്ടതാണെങ്കിലും സഞ്ജു ഇന്ത്യൻ ടീമിന് നൽകിയ സംഭാവനകൾ മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.’വൈഭവ് തന്റെ അരങ്ങേറ്റം കുറിച്ചത് കാണുമ്പോൾ വളരെയധികം സന്തോഷം.

അത് ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്, പക്ഷേ ഈ മൂന്ന് ട്വന്റി-20മത്സരങ്ങൾക്ക് മുമ്പ് സഞ്ജു ട്വന്റി-20 ലോകകപ്പിലെ മാൻ ഓഫ് ദ ടൂർണമെന്റായിരുന്നു എന്ന കാര്യം ആരും മറന്നുപോകരുത്. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. കൂടാതെ വൈഭവിന് റെക്കാഡുകൾ തകർക്കുന്ന നീണ്ട കരിയർ ആശംസിക്കുന്നു’,- റായുഡു കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button