ചിറയിൻകീഴിൽ യുവാവിന്റെ മരണം; ‘പൊലീസ് മർദ്ദനത്തെ തുടർന്ന്’ എന്ന് പരാതി, പ്രതിഷേധം ശക്തം

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവ് മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയ അയൽവാസിയെ പൊലീസ് മർദിക്കുന്നത് തടഞ്ഞപ്പോൾ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം.

ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. പെരുങ്കുഴിയിലെ വിഘ്നേശ്വരൻ എന്നയാളുടെ വീട്ടിൽ നിന്ന് നാല് ലിറ്റർ വിദേശ മദ്യം പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായായിരുന്നു പരിശോധന. ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം വിഘ്നേശ്വരനെ മർദിച്ചെന്നും അയൽവാസിയായ സജി ഇത് തടഞ്ഞപ്പോൾ സജിയെയും പൊലീസ് തല്ലിയെന്നുമാണ് പരാതി. എട്ട് പൊലീസുകാർ വളഞ്ഞിട്ട് തല്ലിയെന്നും നിലത്തുവീണപ്പോൾ ചവിട്ടിയെന്നും വലിച്ചിഴച്ചെന്നുമാണ് ആരോപണം.

പിന്നീട് വിഘ്നേശ്വരനുമായി പൊലീസ് സംഘം മടങ്ങി. അവശനിലയിലായ സജിക്ക് രാത്രിയോടെ ഛർദിയും അസ്വസ്ഥതയുമുണ്ടായി. രക്തം ഛർദിച്ചതിനെ തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മരുന്ന് നൽകി വീട്ടിലേക്ക് മടക്കി. ഇന്ന് പുലർച്ചെയോടെ സജി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. പരാതിയിൽ നടപടിയെടുക്കുമെന്ന് ആറ്റിങ്ങൾ ഡിവൈഎസ്പി ഉറപ്പ് നൽകിയതോടെയാണ് അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button