ശബരിമല നെയ്യ് ക്രമക്കേട്; 2.27 കോടി രൂപയുടെ നഷ്ടമെന്ന് വിജിലൻസ്, അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസ് എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് റിപ്പോർട്ട് കൈമാറിയത്.
മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് സന്നിധാനത്ത് എത്തിക്കുന്നതിന് മുമ്പ് വഴിമധ്യേ മാറ്റിമറിച്ചെന്നും, ഓർഡർ ചെയ്ത മുഴുവൻ നെയ്യും സന്നിധാനത്ത് എത്തിയില്ലെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.
പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് നെയ്യ് കൊണ്ടുപോകുന്നതിനിടെയാണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. പമ്പയിൽ നെയ്യ് എത്തിച്ചപ്പോൾ ആവശ്യമായ പരിശോധനകൾ നടത്താതെയാണ് സന്നിധാനത്തേക്ക് അയച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ക്രമക്കേടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കരാറുകാരന്റെ നടപടിയും സംശയാസ്പദമാണെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം എ. അജികുമാർ, മുരാരി ബാബു എന്നിവരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് വിവരം. മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2025ലെ മകരവിളക്ക് കാലയളവിലേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങുന്നതിനായി 2024ൽ ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിരുന്നു. ആറ് സ്ഥാപനങ്ങൾ ടെൻഡറിൽ പങ്കെടുത്തെങ്കിലും നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി മിൽമയ്ക്ക് കരാർ നൽകുകയായിരുന്നു.
മിൽമയുടെ നെയ്യ് ഉപയോഗിക്കുമ്പോൾ അരവണ നിർമാണത്തിന് നെയ്യിന്റെ അളവ് കുറച്ചാൽ മതിയെന്ന അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കരാർ മാറ്റിയതെന്നാണ് റിപ്പോർട്ട്. ദേവസ്വം കമ്മീഷണർ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും പി.എസ്. പ്രശാന്തും എ. അജികുമാറും ചേർന്ന് മിൽമയ്ക്ക് കരാർ നൽകാൻ തീരുമാനിച്ചതായും വിജിലൻസ് കണ്ടെത്തി.
തമിഴ്നാട്ടിലെ മറ്റ് സ്ഥാപനങ്ങൾ ഒരു ലിറ്റർ നെയ്യിന് 369 രൂപ ക്വോട്ട് ചെയ്തപ്പോൾ മിൽമയിൽ നിന്ന് ലിറ്ററിന് 510 രൂപ നിരക്കിലാണ് നെയ്യ് വാങ്ങിയത്. 1.65 ലക്ഷം ലിറ്റർ നെയ്യ് ഇത്തരത്തിൽ വാങ്ങിയതിലൂടെയാണ് ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമുണ്ടായതെന്നാണ് വിജിലൻസ് കണ്ടെത്തൽ.
വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ പ്രത്യേക അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. ക്രമക്കേടിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തും.



