ശബരിമലയും ഗുരുവായൂരും ഇനി തിരുപ്പതി മാതൃകയിൽ! ₹1000 കോടി ചെലവായാലും വികസനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അഖില ഭാരത അയ്യപ്പസേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ മറ്റ് കോണുകളിൽ നിന്നും കൂടുതൽ തീർത്ഥാടകർ എത്തുന്ന പ്രധാന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റാൻ ആയിരം കോടി ചെലവായാലും സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുപ്പതി വികസനത്തിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ശബരിമല സീസൺ കഴിയുന്നതോടെ ഇതിനായുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കും. കൂടാതെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തെലങ്കാന സർക്കാരിന്റെ സഹകരണവും തേടുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വർഷത്തെ തീർത്ഥാടനകാലം ഏറ്റവും മികച്ച രീതിയിലായിരിക്കുമെന്നും സർക്കാരും ദേവസ്വം ബോർഡും യോജിച്ചാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല സീസണുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. റോഡുകളുടെ നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നുവെന്നും, ഒക്ടോബർ ആദ്യം പമ്പയിൽ വെച്ച് വിപുലമായ മറ്റൊരു യോഗം കൂടി ചേരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



