ദാമ്പത്യജീവിതം വിജയകരമാക്കാൻ പ്രത്യേക പരിശീലനം; പുതിയ കോഴ്സുമായി ഗോവയിലെ കോളേജ്

പനാജി: വിവാഹജീവിതത്തിലേയ്ക്ക് കടക്കാനിരിക്കുന്ന യുവാക്കൾക്കായി വേറിട്ടൊരു കോഴ്സുമായി ഗോവയിലെ ഒരു കോളേജ്. ‘മാര്യേജ് റെഡിനെസ്’ എന്ന വിഷയത്തിൽ ഗോവ കോളേജ് ഓഫ് ഹോം സയൻസാണ് പുതിയ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്. സ്വന്തമായി ഒരു കരിയർ കെട്ടിപ്പടുക്കാൻ ഏകദേശം ഇരുപതുവർഷത്തോളമാണ് പഠനത്തിനായി ചെലവഴിക്കുന്നത്. എന്നാൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതിനായി നമ്മൾ എത്രത്തോളം സമയം നീക്കിവയ്ക്കുന്നുണ്ട് എന്ന ചോദ്യവുമായാണ് ഈ കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്.
വിവാഹത്തിനായുള്ള ഒരുക്കങ്ങൾ എന്നാൽ കേവലം ഒരു വിവാഹച്ചടങ്ങിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് പരസ്പര ധാരണ, പ്രതിബദ്ധത, ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ എന്നിവ മനസിലാക്കുന്നതാണെന്നും ഗോവ കോളേജേ ഓഫ് ഹോം സയൻസിലെ പ്രിൻസിപ്പൽ മഹേഷ് പൈ പറഞ്ഞു. ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ബന്ധം കെട്ടിപ്പടുക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ ഈ കോഴ്സ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് ഫാമിലി സ്റ്റഡീസിന്റെ നേതൃത്വത്തിലാണ് ‘മാര്യേജ് റെഡിനെസ്: പ്രിപ്പേറിംഗ് ഫോർ ഹെൽത്തി ആൻഡ് ലാസ്റ്റിംഗ് റിലേഷൻഷിപ്സ്’ എന്ന പേരിൽ 15 ദിവസത്തെ ഈ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. 2026 ഡിസംബർ 2 മുതൽ 17 വരെയാണ് കോഴ്സ് നടക്കുക.ഡേറ്റിംഗ് ഉദ്ദേശങ്ങൾ, സ്വയം തിരിച്ചറിവ്, പുരുഷത്വവും സ്ത്രീത്വവും അത് ബന്ധങ്ങളിൽ ചെലുത്തുന്ന സ്വാധീനങ്ങളും, വിവാഹവും ദാമ്പത്യവും തമ്മിലുള്ള വ്യത്യാസം തുങ്ങിയ വിഷയങ്ങളാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിവാഹത്തിനായി തയ്യാറെടുക്കുന്ന എല്ലാ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ആരോഗ്യകരമായ ദാമ്പത്യം ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സിൽ പങ്കെടുക്കാമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുന്നു.അതേസമയം, സംസ്ഥാനത്ത് വിവാഹമോചനങ്ങൾ കുറയ്ക്കുന്നതിനായി പ്രീ-മാര്യേജ് കൗൺസിലിംഗ് ഏർപ്പെടുത്താൻ ഗോവ സർക്കാർ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് ഈ പുതിയ കോഴ്സ് അവതരിപ്പിച്ചത്. സംസ്ഥാന നിയമവകുപ്പിന്റെ കണക്കുകൾപ്രകാരം 2022നും 2025നും ഇടയിൽ 3,000ത്തിലധികം വിവാഹമോചന ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളത്. 2024ൽ മാത്രം 947 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



