ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ഈ വാക്കുകൾ അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തതാണ്. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നുവെന്നും വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
1976ലാണ് ‘സോഷ്യലിസ്റ്റ്’, ‘മതേതരത്വം’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു” -ഹൊസബാലെ പറഞ്ഞു.
ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥക്ക് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹൊസബാലെ വിമര്‍ശനം ഉര്‍ത്തിയത്. ഇന്ത്യയില്‍ ആയിരക്കണക്കിന് ആളുകളെ ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്ത സമയമാണ് അടിയന്തരാവസ്ഥക്കാലം. ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യവും ഇക്കാലത്ത് അടിച്ചമര്‍ത്തപ്പെട്ടു. വലിയ തോതില്‍ നിര്‍ബന്ധിത വന്ധ്യംകരണങ്ങള്‍ നടന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി സഞ്ചരിക്കുന്നു. നിങ്ങളുടെ പൂര്‍വികര്‍ ചെയ്ത കാര്യങ്ങള്‍ക്ക് മാപ്പ് പറയാന്‍ തയാറാകണമെന്നും ഇന്ദിരയുടെ കൊച്ചുമകൻ കൂടിയായ രാഹുൽ ഗാന്ധിയെ ഉന്നമിട്ട് ഹൊസബാലെ ആവശ്യപ്പെട്ടു.