റീ-വാല്യൂവേഷൻ അപേക്ഷ ഇന്ന് മുതൽ; സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സിബിഎസ്ഇ

ദില്ലി: CBSE പ്ലസ്ടു പരീക്ഷയുടെ പുനർമൂല്യനിർണയവുമായി (റീ-വാല്യൂവേഷൻ) ബന്ധപ്പെട്ട അപേക്ഷകൾ ഇന്നുമുതൽ സമർപ്പിക്കാമെന്ന് അറിയിച്ചു. ഇതിനായി സജ്ജീകരിച്ച വെബ്സൈറ്റ് ഇനി സാങ്കേതിക പ്രശ്നങ്ങളില്ലാതെ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

സൈബർ സുരക്ഷാ വിദഗ്ധരും സർക്കാർ, ഐഐടി വിദഗ്ധരും ചേർന്ന് സംവിധാനത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കിയതായി ബോർഡ് എക്‌സിൽ (X) കുറിച്ചു. നേരത്തെ കണ്ടെത്തിയ സാങ്കേതിക തകരാറുകൾ എല്ലാം പരിഹരിച്ചതായും സിബിഎസ്ഇ അറിയിച്ചു. സിസ്റ്റത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച എത്തിക്കൽ ഹാക്കർമാർക്ക് ബോർഡ് നന്ദിയും രേഖപ്പെടുത്തി.

ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ആവശ്യപ്പെടുന്നതിനുള്ള അപേക്ഷകൾ ആരംഭിച്ച സമയത്ത് സിബിഎസ്ഇ വെബ്സൈറ്റിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉത്തരക്കടലാസിലെ മാർക്കിംഗ് സംബന്ധിച്ച ആശങ്കകൾ ഉയർന്നതോടൊപ്പം നിരവധി വിദ്യാർഥികൾ പരാതികളുമായി രംഗത്തെത്തുകയും ചെയ്തു.

മെയ് 26 വരെ ലഭിച്ച കണക്കുകൾ പ്രകാരം 4,04,319 അപേക്ഷകളിലായി 11,31,961 ഉത്തരക്കടലാസുകളുടെ പകർപ്പിനാണ് വിദ്യാർഥികൾ അപേക്ഷ നൽകിയതെന്ന് സിബിഎസ്ഇ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button