അസമിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി, ഏഴ് ലക്ഷത്തിലധികം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസമിൽ കനത്ത മഴയും പ്രളയവും വിതച്ച നാശനഷ്ടങ്ങൾ രൂക്ഷമാകുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെയാണ് പ്രളയവും കനത്ത മഴയും ബാധിച്ചിരിക്കുന്നത്.

അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (ASDMA) വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ മരണപ്പെട്ടു. ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും, പ്രളയത്തിന്റെ ആഘാതം ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സംസ്ഥാനത്തെ 810 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 34,970.8 ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചതായും നദീതീരങ്ങൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച ചരൈദിയോ ജില്ലയിൽ ഏഴ് പേരും ശിവസാഗർ ജില്ലയിൽ ആറു പേരും ജോർഹട്ട് ജില്ലയിൽ ഒരാളുമാണ് മരിച്ചത്. ആകെ മരണസംഖ്യയിൽ 27 മരണങ്ങളുമായി ശിവസാഗർ ജില്ലയാണ് ഏറ്റവും കൂടുതൽ ദുരിതം നേരിട്ടത്. ജില്ലയിൽ മാത്രം മൂന്ന് ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ആറു ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 18,902 പേരെയാണ് വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

അതേസമയം, അസമിലെ പ്രളയ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഫോണിൽ സംസാരിച്ചു വിലയിരുത്തി. ദുരന്തത്തിന്റെ വ്യാപ്തി, രക്ഷാപ്രവർത്തനങ്ങൾ, താഴെത്തട്ടിൽ നേരിടുന്ന വെല്ലുവിളികൾ എന്നിവ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളും ദുരിതബാധിതരായ എല്ലാ കുടുംബങ്ങളിലേക്കും സഹായമെത്തിക്കാനുള്ള ശ്രമങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമ്മാണം എന്നിവയ്ക്കായി കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും ലഭിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button