കുഞ്ഞികൃഷ്ണനെതിരെ രാഗേഷിന്റെ രൂക്ഷ വിമർശനം; ‘പാർട്ടിയെ ഒറ്റുകൊടുത്ത മിർജാഫർ’

പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിശകുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും, ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനമാണ് കേന്ദ്ര കമ്മിറ്റി ശരിവെച്ചതെന്നും രാഗേഷ് വ്യക്തമാക്കി. പയ്യന്നൂരിൽ യുഡിഎഫ് ബിജെപിയുമായി രാഷ്ട്രീയ ഡീൽ ഉണ്ടാക്കിയതുകൊണ്ട് മാത്രമാണ് കുഞ്ഞികൃഷ്ണൻ ജയിച്ചതെന്നും, ചിലയിടങ്ങളിൽ പാർട്ടി സ്ഥാനാർഥി നിർണയം പാളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന സമയത്ത് ഉമേഷ് ബാബുവിന്റെ വീട്ടിലിരുന്നാണ് കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ പുസ്തകമെഴുതിയത്. എതിരാളികൾക്കായി നാല് വർഷത്തോളം പടക്കോപ്പുകൾ ഒരുക്കിക്കൊടുത്ത് ഒടുവിൽ പാർട്ടിയെ ഒറ്റുകൊടുത്ത മിർജാഫറാണ് കുഞ്ഞികൃഷ്ണൻ. മാധ്യമങ്ങൾക്ക് ആന്തരിക വിവരങ്ങൾ ചോർത്തി നൽകിയ വർഗവഞ്ചകനാണ് അദ്ദേഹമെന്നും രാഗേഷ് ആരോപിച്ചു. നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് കുഞ്ഞികൃഷ്ണനെക്കൊണ്ട് കോടതിയിൽ മറുപടി പറയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ധനരാജിന്റെ പേരിൽ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുനടത്തിയെന്ന വാദം തികച്ചും അസത്യമാണെന്ന് രാഗേഷ് പറഞ്ഞു. ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വെട്ടിച്ചിട്ടില്ല. ധനരാജിന്റെ പേരിൽ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന പ്രചാരണം കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ട് കണക്ക് യഥാസമയം അവതരിപ്പിക്കുന്നതിൽ ചില സാങ്കേതിക വീഴ്ചകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ധനരാജിന്റെ പേര് ഉച്ഛരിക്കാൻ പോലും അർഹതയില്ലാത്ത കുഞ്ഞികൃഷ്ണൻ ഇനി ആ പേര് മിണ്ടരുത്. ധനരാജ് രക്തസാക്ഷി ദിനത്തിൽ തന്നെയാണ് എംഎൽഎ ഓഫീസ് ഉദ്ഘാടനം നടത്തിയത്.
ടി.ഐ. മധുസൂദനനെതിരെ വ്യാപക പ്രചാരണം നടന്നപ്പോൾ സ്ഥാനാർത്ഥിയെ മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥിയെ മാറ്റിയാൽ കുഞ്ഞികൃഷ്ണന്റെ കള്ളപ്രചാരണങ്ങളെ അംഗീകരിക്കുന്നത് പോലെയാകുമെന്ന വിലയിരുത്തലിലാണ് ആ നീക്കത്തിൽ നിന്ന് പിന്മാറിയതെന്നും കെ.കെ. രാഗേഷ് വിശദീകരിച്ചു.



